‘കാലത്തിനൊത്ത കുടുംബകഥ’; പ്രണയവും കുരുക്കും തമാശയും, പിന്നെ അയ്യരെ മെരുക്കാൻ ഝാൻസി റാണിയും! ഹിറ്റ് ചാർട്ടിൽ അയ്യർ ഇൻ അറേബ്യ

മാറിയ പുതിയ കാലത്തെ ‘മാറ്റം’ പോസിറ്റീവാണോ നെഗറ്റീവാണോ എന്ന ചർച്ചയ്ക്ക് അപ്പുറം ഈ കാലം കുടുംബബന്ധങ്ങളിൽ ഇടപെടുന്നത് എങ്ങനെയെന്ന് തുറന്ന് കാണിക്കുകയാണ് പുതിയ എംഎ നിഷാദ് ചിത്രം. ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം എന്ന രീതിയിൽ ചർച്ചയാക്കപ്പെട്ട അയ്യർ ഇൻ അറേബ്യ റിലീസിംഗ് കേന്ദ്രങ്ങളിൽ മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്.

കുടുംബചിത്രമായി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രത്തിന്റെ നട്ടെല്ല് മുകേഷ്-ഉർവശി കോംബോയാണ്. വിന്റേടജ് കാലത്തെ തിളക്കം ഇരുവരുടേയും പ്രകടനത്തിൽ വ്യക്തമാണ്. കിട്ടിയ റോളുകൾ നായകൻ ധ്യാൻ ശ്രീനിവാസനും നായിക ദുർഗ കൃഷ്ണയും തങ്ങളുടേതാക്കി. ഷൈൻ ടോമിന്റെ കഥാപാത്രവും മികവുറ്റതായിരുന്നു.

റിട്ടയേർഡ് ഏജീസ് ഓഫിസ് ഉദ്യോഗസ്ഥൻ ശ്രീനിവാസ അയ്യരുടേയും കുടുംബത്തിന്റേയും സന്തോഷവും കുടംബാഗംഗങ്ങൾ തമ്മിലുള്ള ബന്ധവുമൊക്കെയായി മുന്നോട്ട് പോകുന്ന ചിത്രം ഇടയ്ക്ക് ഉടക്കുന്നിടത്താണ് വഴിത്തിരിവുണ്ടാകുന്നത്. യാഥാസ്ഥിതിക ചിന്തകളുള്ള അയ്യർക്ക് പക്ഷെ, പങ്കാളിയായ ചരിത്ര ബോധമുള്ള ഭാര്യ ഝാൻസി റാണിയെ തന്റെ വഴിക്ക് എത്തിക്കാനാകുന്നില്ല. കോളജ് പ്രഫസറും വ്ളോഗറുമായ ഝാൻസി റാണിയായി ഉർവശിയും അയ്യരായി മുകേഷും എത്തുന്നു.

ഇരുവരുടേയും പ്രകടനത്തിലെ മികവാണ് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നത്. ബ്രാഹ്‌മണൻ ആയ ശ്രീനിവാസന് സ്വന്തം മതവും ജാതിയും സംസ്‌കാരവുമൊക്കെയാണ് വലുത്. മകനോടുള്ള ഇഷ്ടം പോലും ഒരു സമയത്ത് തന്റെ മതബോധത്തിന്റെ തട്ടിൽവെച്ച് അളക്കാൻ അയ്യർ പ്രേരിതനാകുന്നുണ്ട്.

എന്നാൽ അയ്യരുടെ ഈ വക സ്വത്വ വാദമൊന്നും ഭാര്യ ഝാൻസി റാണി വെച്ചുപൊറുപ്പിക്കുന്നില്ല. അയ്യരുടേയും കൂട്ടരുടേയും തള്ളുകളെ ചരിത്രാധ്യാപികയായ ഝാൻസി പുച്ഛിച്ച് തള്ളുന്നുണ്ട്.

ALSO READ- ‘രാഷ്ട്രീയം എനിക്കൊരു ഹോബി അല്ല, തമിഴ്നാടിനെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റത്തിലേക്ക് നയിക്കും’;ലോക്സഭയല്ല, ലക്ഷ്യം നിയമസഭയെന്ന് ഉറപ്പിച്ച് വിജയ്

മകൻ രാഹുലിനെയോങ്കിലും തന്റെ വഴിയിലേക്ക് എത്തിക്കാനാണ് ശ്രീനിവാസ അയ്യരുടെ ശ്രമങ്ങൾ. എന്നാൽ ദുബായിൽ ജോലി വാങ്ങിച്ച് മകൻ പോകാൻ ഒരുങ്ങിയതോടെ അയ്യർ തളരുകയാണ്, പിന്നാലെ മകന്റെ പ്രണയബന്ദത്തെ കുറിച്ച് അറിയുന്നതോടെ തന്റെ വിശ്വാസവും സംസ്‌കാരവും നശിച്ചു പോകുമെന്ന ഭയമാണ് അയ്യരെ പിടികൂടുന്നത്.

ഇതോടെയാണ് അയ്യരും ദുബായിലേക്ക് തിരിക്കുന്നത്. മകനെ ‘നല്ല’ വഴിക്ക് നടത്തിക്കാൻ ശ്രമിക്കുന്നതൊക്കെ സിനിമയുടെ രണ്ടാം ഭാഗത്തേക്ക് കടക്കുമ്പോൾ പ്രേക്ഷകർക്ക് വിരുന്നൊരുക്കുന്നുണ്ട്. രാഹുലിന്റെ പ്രണയകഥ മാത്രമല്ല സിനിമ പറഞ്ഞുവെയ്ക്കുന്നത്. സന്തോഷവും നോവും ഇഴചേർന്ന ഇമോഷണലി ഓരോ പ്രേക്ഷകനേയും കണക്ട് ചെയ്യുന്ന രീതിയിൽ തന്നെയാണ് ചിത്രം ക്ലൈമാക്‌സിലേക്ക് ഒഴുകുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയാണ് ചിത്രത്തിന്റെ പേര് അന്വർത്ഥമാക്കുന്നത്. പൂർണമായും അറേബ്യയിൽ(ദുബായിൽ) തന്നെയാണ് ചിത്രം പുരോഗമിക്കുന്നത്.

തമാശകളും കൗണ്ടറുകളും നിറഞ്ഞ ഒന്നാം പകുതിക്ക് ശേഷം വരുന്ന, മനോഹരമായി ഒരുക്കിയ രണ്ടാം പകുതി പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നതാണ്. സമൂഹം മാറുന്നതിന് അനുസരിച്ച് കുടുംബവും മാറേണ്ടതുണ്ടെന്നും പല വിഭാഗത്തിലുള്ള മനുഷ്യർ ഒരുമിച്ച് ജീവിക്കുന്ന സമൂഹത്തെ ഉൾക്കൊണ്ടു ജീവിക്കേണ്ടതിന്റെ ആവശ്യകതയും ചിത്രം സംസാരിക്കുന്നുണ്ട്. വരുന്ന കാലത്ത് ഇടുങ്ങിയ ചിന്തകളുമായി ജീവിക്കുന്നത് അപകടമാണെന്ന് കൃത്യമായും എന്നാൽ രസകരമായും വരച്ചിടുകയാണ് ഈ ചിത്രം.

ത്തകാലത്തായി കുടുംബ സമേതം തിയറ്ററിലേക്ക് പോകാനായി കാരണമില്ലാതിരുന്നവർക്ക് ഉഗ്രൻ വിരുന്നാണ് അയ്യർ ഇൻ അറേബ്യ ഒരുക്കുന്നത്. പഴയകാലസിനിമയിലെ ചില ഡയലോഗുകൾ ഓർത്തെടുക്കാനും ചിരിക്കാനും സിനിമ അവസരം ഒരുക്കുകയാണ്.

കുടുംബപ്രേക്ഷകർക്ക് ധൈര്യത്തോടെ ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണ് അയ്യർ ഇൻ അറേബ്യ. താരങ്ങളുടെ പ്രകടനം തന്നെയാണ് ചിത്രമൊരുക്കിയ എംഎ നൗഷാദിന്റെ ഗ്യാരന്റി. ചിത്രത്തിൽ ധ്യാൻ ശ്രിനിവാസൻ അവതരിപ്പുക്കുന്ന രാഹുൽ എന്ന കഥാപാത്രത്തിന്റെ സുഹൃത്ത് ഫ്രഡ്ഡി എന്ന മറ്റൊരു പ്രധാന കഥാപാത്രമായി ഷൈൻ ടോം ചാക്കോ എത്തുന്നുണ്ട്. വെറും സുഹൃത്തല്ല ഫ്രെഡിയെന്ന് പിന്നീട് സിനിമ പറയും.

പ്രധാനകഥാപാത്രങ്ങൾക്ക് പുറമെ അലൻസിയർ, മണിയൻ പിള്ള രാജു, ജാഫർ ഇടുക്കി, ഡയാന ഹമീദ്, സുധീർ കരമന, ഉല്ലാസ് പന്തളം, സോഹൻ സീനുലാൽ, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ഉമ നായർ, ശ്രീലത നമ്പൂതിരി, ജയകുമാർ, കൈലാഷ്, രശ്മി അനിൽ, നാൻസി, വീണ നായർ, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

എംഎ നിഷാദ് കഥയും സംവിധാനവും ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം വെൽത്ത് ഐയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വിഘ്‌നേഷ് വിജയകുമാറാണ്. മധുസൂദനൻ ആനന്ദ് സംഗീതവും സിദ്ധാർത്ഥ് രാമസ്വാമി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ജോൺകുട്ടിയാണ് ചിത്ര സംയോജനം.

Exit mobile version