കുരുമുളക് പറിച്ചതിന്റെ കൂലിയായി 100 രൂപ കൂട്ടി ചോദിച്ചു, ആദിവാസിത്തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം, മുഖത്തെ എല്ലുപൊട്ടി ആശുപത്രിയില്‍

വയനാട്: കുരുമുളക് പറിച്ചതിന്റെ കൂലിയായി 100 രൂപ കൂടുതല്‍ ചോദിച്ച ആദിവാസിത്തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം. വയനാട്ടിലാണ് സംഭവം. അമ്പലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനെ (58)യാണ് മര്‍ദ്ദിച്ചത്. മുഖത്തെ എല്ലുപൊട്ടി ബാബു ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്ഥിരമായി കൂലിപ്പണിക്കു പോകുന്ന വീട്ടിലെ ഉടമയുടെ മകനാണ് ബാബുവിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. സ്ഥിരമായി കൂലിപ്പണിക്കു പോകുന്ന വീട്ടില്‍ അന്ന് വൈകീട്ട് കുരുമുളക് പറിക്കാനായി പോയതായിരുന്നു ബാബു.

also read: മാങ്ങാ മോഷണക്കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചു വിടും; കളങ്കം തീർക്കാൻ കേരളാ പോലീസ്

കുരുമുളക് പറിച്ചതിന്റെ കൂലിയായി 100 രൂപ കൂട്ടി 700 രൂപ കൂലി ചോദിച്ചപ്പോള്‍ ഉടമയുടെ മകന്‍ മുഖത്തു ചവിട്ടിയെന്ന് പരാതിയില്‍ പറയുന്നു. തലയോട്ടിയും താടിയെല്ലും ചേരുന്ന ഭാഗത്തു പൊട്ടലുണ്ടാവുകയും മുഖം നീരുവന്നു തടിച്ച നിലയിലുമാണ്.

also read: വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയി; മുങ്ങി നടന്ന ഡ്രൈവർ നിസാമുദീൻ അറസ്റ്റിൽ, ലൈസൻസ് റദ്ദാക്കും

ഒറ്റയ്ക്കു താമസിക്കുന്നതിനാല്‍ ബാബു വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല. തിങ്കളാഴ്ച സമീപത്തെ കടയിലെത്തിയ ബാബുവിന്റെ മുഖം കണ്ട കടയുടമ വിവരം തിരക്കുകയും എസ്ടി പ്രമോട്ടറായ പി സിനിയെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രമോട്ടറാണ് ബാബുവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.

മുഖത്തെ പരുക്ക് സാരമായതിനാല്‍ ബത്തേരി ആശുപത്രിയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്ന് എസ്ടി പ്രമോട്ടര്‍മാര്‍ ബാബുവിന്റെ ബന്ധുക്കളെ കണ്ടെത്തുകയും ആശുപത്രിയില്‍ സഹായത്തിനായി ഏര്‍പ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Exit mobile version