പ്രണയം തകര്‍ന്നതിന്റെ സങ്കടത്തില്‍ വീടുവിട്ട് ഇറങ്ങി, പെണ്‍കുട്ടിക്ക് തുണയായത് ലുലുമാള്‍ കാണാനെത്തിയ യുവാക്കള്‍

കൊച്ചി: വീടുവിട്ടിറങ്ങിപ്പോയ പെണ്‍കുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിച്ച് യുവാക്കള്‍. പാലക്കാട്ടുകാരായ മങ്കര സ്വദേശി ചെമ്മുക കളരിക്കല്‍ വിഷ്ണുവും (22) പത്തിരിപ്പാല പള്ളത്തുപടി സുമിന്‍ കൃഷ്ണനും (20) ആണ് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് മാതൃകയായത്.

പാലക്കാട്ടുനിന്ന് കൊച്ചിയിലെ ലുലു മാള്‍ കാണാനായി എത്തിയതായിരുന്നു വിഷ്ണുവും സുമിന്‍ കൃഷ്ണനും. ട്രെയിനില്‍ ഷൊര്‍ണൂരില്‍ എത്തുമ്പോഴാണ് പതിനെട്ടുകാരി വാതിലിനരികില്‍ കരഞ്ഞുനില്‍ക്കുന്നത് കണ്ടത്. പന്തികേട് തോന്നി വിഷ്ണുവും സുമിനും കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്നുപറഞ്ഞു.

എന്നാല്‍ യുവാക്കള്‍ പെണ്‍കുട്ടിയോട് സൗമ്യമായി കാര്യങ്ങള്‍ തിരക്കി. അപ്പോഴാണ് പ്രണയം തകര്‍ന്നതിന്റെ സങ്കടത്തില്‍ വീടുവിട്ട് ഇറങ്ങിയതാണെന്നുപറഞ്ഞ് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞത്. യുവാക്കള്‍ പെണ്‍കുട്ടിയെ സമാധാനിപ്പിച്ച് ഭക്ഷണവും വാങ്ങിനല്‍കി.

also read: ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെടല്‍; പത്താം തരം പരീക്ഷയെ കീഴടക്കി നടി ലീന ആന്റണി; മാതൃക!

എറണാകുളത്തേക്കായിരുന്നു പെണ്‍കുട്ടി ടിക്കറ്റ് എടുത്തിരുന്നത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ മൂവരും ലുലു മാളിലെത്തി, പെണ്‍കുട്ടിയുടെ ഫോണ്‍ ചോദിച്ചുവാങ്ങിയ ശേഷം വീട്ടിലേക്ക് വിളിച്ചു. യുവാക്കള്‍ അമ്മയെ വിളിപ്പിച്ചപ്പോള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞു.

also read:കാത്തിരുന്ന് കിട്ടിയ കണ്മണിയെ കണ്ണുനിറയെ കാണാന്‍ കഴിഞ്ഞില്ല, പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

ശേഷം യുവാക്കള്‍ സംഭവം പോലീസിനോട് പറഞ്ഞു. പൊലീസ് പറഞ്ഞതനുസരിച്ച് ഇവര്‍ കുട്ടിയുമായി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു. പോലീസുകാര്‍ യുവാക്കളെ അഭിനന്ദിച്ചു.

എന്നാല്‍ ലുലു മാള്‍ കാണാന്‍ എത്തിയ യുവാക്കള്‍ക്ക് ഒരു ദിവസത്തെ ലീവ് മാത്രമായതിനാല്‍ മാള്‍ കാണാന്‍ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു.

എന്നാല്‍ പോലീസുകാര്‍ ഇടപെട്ട് ഹോട്ടല്‍ജീവനക്കാരായ യുവാക്കള്‍ക്ക് ലുലുമാള്‍ കാണാന്‍ ഒരു ദിവസത്തെ ലീവ് കൂടി അനുവദിച്ചുനല്‍കുകയും രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്‌ഐ നല്‍കുകയും ചെയ്തു.

Exit mobile version