‘നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നു’: മന്ത്രി ശിവന്‍കുട്ടിക്ക് പരാതി നല്‍കി ബൈജൂസ് ജീവനക്കാര്‍

തിരുവനന്തപുരം: എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെതിരെ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി. മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ കമ്പനി തിരുവനന്തപുരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന് ബൈജൂസ് അറിയിച്ചതായാണ് ജീവനക്കാര്‍ മന്ത്രിയ്ക്ക് നല്‍കിയ പരാതി. പിരിച്ചുവിടപ്പെടുന്ന തൊഴിലാളികളാണ് തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശിവന്‍കുട്ടിയെ സമീപിച്ചത്.

നിര്‍ബന്ധിത രാജിയാണ് തൊഴിലാളികളില്‍ നിന്ന് ബൈജൂസ് ആവശ്യപ്പെടുന്നത്. 170 ലധികം പേരെയാണ് ഇത് ബാധിക്കുന്നതെന്നും ടെക്നോപാര്‍ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി മന്ത്രി ശിവന്‍കുട്ടിയെ അറിയിച്ചു. നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.

ജീവനക്കാരുടെ പരാതിയില്‍ ഗൗരവകരമായ പരിശോധന തൊഴില്‍ വകുപ്പ് നടത്തുമെന്നും തൊഴില്‍ നഷ്ടമടക്കം നിരവധി പരാതികള്‍ ജീവനക്കാര്‍ക്കുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ബൈജുസ് ആപ്പിലെ ജീവനക്കാര്‍ എന്നെ വന്നു കണ്ടിരുന്നു. തൊഴില്‍ നഷ്ടമടക്കം നിരവധി പരാതികള്‍ ജീവനക്കാര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ഗൗരവകരമായ പരിശോധന തൊഴില്‍ വകുപ്പ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version