‘പണം നല്‍കുമ്പോള്‍ തിരികെ തരാം’: ബൈജൂസിലെ ടിവി എടുത്തുകൊണ്ടുപോയി ബൈജൂസിലെ വിദ്യാര്‍ഥിയും പിതാവും

മുംബൈ: വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എജ്യുടെക് കമ്പനി ബൈജൂസ് കടന്നുപോകുന്നത്. ദൈനംദിന ചെലവുകള്‍ക്ക് പോലും കമ്പനിക്ക് പണം കണ്ടെത്താനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബൈജൂസില്‍ കോഴ്സിന് ചേര്‍ന്ന നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്.

അങ്ങനെ പണം നഷ്ടപ്പെട്ട ഒരു കുടുംബം കമ്പനിയുടെ ഓഫീസില്‍ കയറി ടിവി എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ട്യൂഷന്‍ വേണ്ടെന്നു വച്ച് ഉപയോഗിക്കാത്ത ടാബ്ലറ്റ് തിരികെ നല്‍കി കുടുംബം റീഫണ്ട് ആവശ്യപ്പെട്ടു. പണം നല്‍കാമെന്ന് ബൈജൂസ് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഓരോ തടസ്സങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതില്‍ കുപിതരായ കുടുംബം ഓഫീസിലെത്തി ടിവി അഴിച്ചുകൊണ്ടു പോകുകയായിരുന്നു. പണം നല്‍കിയാല്‍ തിരികെ തരാമെന്ന് ജീവനക്കാരോട് പറഞ്ഞാണ് ടിവി കൊണ്ടു പോയത്.

2023 വര്‍ഷത്തില്‍ ബൈജൂസ് ട്യൂഷന്‍ സെന്ററിലെ പകുതിയിലേറെ വിദ്യാര്‍ത്ഥികളും റീഫണ്ട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 2021 നവംബര്‍ 9 മുതല്‍ 2023 ജൂലൈ 11 വരെ 43625 റീഫണ്ട് കേസുകളാണ് ബൈസൂജിലെത്തിയത്. കമ്പനി സ്ഥാപകന്‍ മലയാളിയായ ബൈജു രവീന്ദ്രനെതിരെആദായനികുതി വകുപ്പ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ നിക്ഷേപകരുടെ പരാതിയില്‍ ബൈജൂസിനെതിരെ കേന്ദ്ര അന്വേഷണം നടക്കുകയാണ്.

Exit mobile version