കടം വീട്ടാന്‍ 442 കോടി രൂപ അക്കൗണ്ടില്‍ മരവിപ്പിക്കണം: ബൈജൂസിനോട് അമേരിക്കന്‍ കോടതി

ന്യൂഡല്‍ഹി: വായ്പക്കാര്‍ക്ക് പണം തിരിച്ചടയ്ക്കാനായി, 533 മില്യണ്‍ ഡോളര്‍ (442 കോടി രൂപ) ബാങ്ക് അക്കൗണ്ടില്‍ മരവിപ്പിക്കണമെന്ന്, ബൈജൂസ് ആപ്പിന്റെ സ്ഥാപക കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനോട് അമേരിക്കന്‍ കോടതി. പാപ്പരത്വ കേസുകളില്‍ മാത്രം വാദം കേള്‍ക്കുന്ന കോടതിയാണ് ബൈജൂസിനെതിരെ വിധി പ്രസ്താവിച്ചത്. ബൈജൂസ് തങ്ങള്‍ക്ക് നല്‍കാനുള്ള പണത്തിന് മേല്‍ നിയന്ത്രണമാവശ്യപ്പെട്ടുകൊണ്ട് വായ്പക്കാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ റിജു രവീന്ദ്രനെയും ബൈജു രവീന്ദ്രനെയും ലക്ഷ്യം വച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പണം എവിടെയാണ് എന്നുള്ളതില്‍ ബൈജൂസ് വ്യക്തത നല്‍കിയിരുന്നില്ല. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും, പണം കണ്ടെത്തുന്നതിനായി ഉടമകള്‍ ഇടപെടണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.

വായ്പാ കമ്പനികള്‍ കടം തിരിച്ചടക്കാന്‍ സമ്മര്‍ദം ചെലുത്തിയതാണ് തിങ്ക് ആന്‍ ലേണിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകന്‍ ഷെറോണ്‍ കോര്‍പ്പസ് വാദിച്ചു. ഈ സമ്മര്‍ദം കൊണ്ടാണ് പണം സൂക്ഷിച്ച സ്ഥലം രഹസ്യമാക്കി വച്ചിരിക്കുന്നത് എന്നും അഭിഭാഷകന്‍ പറഞ്ഞു. ഡെലവെയറിലെയും ന്യൂയോര്‍ക്കിലെയും കോടതികളില്‍ വായ്പാക്കാരോട് പൊരുതിക്കൊണ്ടിരിക്കുയാണ് തിങ്ക് ആന്‍ഡ് ലേണ്‍. കമ്പനിയുടെ ഹോള്‍ഡിംഗ് സ്ഥാപനത്തിന്റ നിയന്ത്രണം 1.2 ബില്യണിന്റെ കടം വീട്ടാനായി വായ്പാ കമ്പനികള്‍ കേസിലൂടെ ഏറ്റെടുത്തിരുന്നു. എന്നാല്‍ നിലവില്‍ ഹോള്‍ഡിംഗ് സ്ഥാപനവും പാപ്പരത്വത്തിലാണ്. സ്ഥാപനത്തിന്റെ കൈമാറ്റം മരവിപ്പിക്കുന്നതിനായി, തിങ്ക് ആന്‍ഡ് ലേണ്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു

പണം ഒളിപ്പിച്ചതെവിടെയാണെന്ന് പറയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബൈജൂസിന്റെ, ഹെഡ്ജ് ഫണ്ട് (പണം സൂക്ഷിക്കാനേല്‍പ്പിക്കുന്ന സ്ഥാപനം) കമ്പനി സ്ഥാപകനായ വില്യം സി മോര്‍ട്ടനെ കോടതി അറസ്റ്റ് ചെയ്തിരുന്നു. പണം എവിടെയാണെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് മോര്‍ട്ടനെ തടങ്കലിലാക്കും. നിലവില്‍ പണത്തെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കുന്നത് വരെ ദിവസം 10,000 ഡോളര്‍ മോര്‍ട്ടന്‍ പിഴയടക്കണം എന്നാണ് കോടതി ഉത്തരവ്.

Exit mobile version