പ്രത്യേക പാസ് വേണ്ട, സാധാരണക്കാര്‍ക്കൊപ്പം ക്യൂവില്‍ നിന്ന് ടിക്കറ്റെടുത്തു: മൂന്നാറിന്റെ ദൃശ്യ ഭംഗി ആസ്വദിച്ച് ഒഡിഷ മന്ത്രിയും കുടുംബവും

മൂന്നാര്‍: വിവിഐപി പരിവേഷമില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ
മൂന്നാര്‍ സന്ദര്‍ശിച്ച് മന്ത്രിയും കുടുംബവും. ഒഡീഷ ഭക്ഷ്യ സഹകരണ ഉപഭോക്തൃ ക്ഷേമ വകുപ്പ് മന്ത്രി അത്തനുസബീ സാക്ഷി നായകാണ് കുടുംബസമേതം രാജമല സന്ദര്‍ശിക്കാനെത്തിയത്.

മന്ത്രി സാധാരണക്കാര്‍ക്കൊപ്പം ക്യൂവില്‍ കാത്ത് നിന്ന് ടിക്കറ്റെടുത്ത് ബസിലും യാത്ര ചെയ്താണ് വ്യത്യസ്തനായത്. സര്‍ക്കാറിന്റെ സൗജന്യങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരുമുള്ള നാട്ടിലാണ് അതില്‍ നിന്നെല്ലാം ഒഡീഷ മന്ത്രി വ്യത്യസ്തനായി മാറിയത്.

ബുധനാഴ്ചയാണ് മന്ത്രിയും കുടുംബവും സ്വകാര്യ സന്ദര്‍ശനത്തിനായി മൂന്നാറിലെത്തിയത്. മന്ത്രിയും കുടുംബവും സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍ പോലീസ് അകമ്പടിയോടെ രാജമല അഞ്ചാംമൈലിലെത്തിയത്. പ്രത്യേക പാസ് എടുത്ത് സൗജന്യമായി ഔദ്യോഗിക വാഹനത്തില്‍ സന്ദര്‍ശക സോണിലെത്തിക്കാമെന്ന് കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അത് വേണ്ടെന്ന് പറഞ്ഞ മന്ത്രി, വാഹനത്തില്‍ നിന്നിറങ്ങി ടിക്കറ്റ് കൗണ്ടറിലെത്തി മറ്റ് വിനോദ സഞ്ചാരികള്‍ക്കൊപ്പം ക്യൂവില്‍ നിന്ന് അകമ്പടി വന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെയുള്ള ടിക്കറ്റ് വാങ്ങുകയായിരുന്നു.

ഇതിന് ശേഷം പോലീസ് ഉദ്യോസ്ഥര്‍ക്കൊപ്പം വനം വകുപ്പിന്റെ സഞ്ചാരികളെ കൊണ്ട് പോകുന്ന ബസില്‍ കയറി സന്ദര്‍ശക സോണിലെത്തുകയായിരുന്നു. മറ്റ് സന്ദര്‍ശകര്‍ക്കൊപ്പം അദ്ദേഹം രാജമലയുടെ സൗന്ദര്യം ആസ്വദിച്ച് വരയാടുകളെയും കണ്ട് മടങ്ങി. മന്ത്രിയും കുടുംബവും ബസില്‍ യാത്ര തുടങ്ങിയതറിഞ്ഞ് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ്.ജെ.നേര്യം പറമ്പില്‍ പിന്നാലെയെത്തി ഒദ്യോഗിക വാഹനത്തിലോ, വനം വകുപ്പിന്റെ പ്രത്യേക വാഹനത്തിലോ യാത്ര ചെയ്യാന്‍ ക്ഷണിച്ചു. എന്നാല്‍ ഈ ക്ഷണവും മന്ത്രി നിരസിച്ചു.

Exit mobile version