ശമ്പളം ലഭിച്ചില്ല, മൂന്നാറില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തലകുത്തി നിന്ന് പ്രതിഷേധിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെയാണ് പ്രതിഷേധം.

ഇടുക്കി: മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന്റെ വ്യത്യസ്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്താണന്നല്ലെ…

കെഎസ്ആര്‍ടിസി ശമ്പളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിക്കുകയാണ് മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെഎസ് ജയകുമാറാര്‍. ആയോധനകലയില്‍ പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് ജയകുമാര്‍. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു.

പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താന്‍ ഇവര്‍ തീരുമാനിച്ചത്. സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു.

മൂന്നാര്‍-ഉദുമല്‍ പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാര്‍ ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ്. ഇനിയും ശമ്പളം കിട്ടിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് ഇവര്‍ പറയുന്നത്.

Exit mobile version