സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് അടുക്കളയില്‍ തീപിടിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളമ്പാടിയില്‍ പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് അടുക്കളയില്‍ തീ പടര്‍ന്ന് അപകടം. ബുധനാഴ്ച രാവിലെ 7 മണിയോടെ കാളമ്പാടി മുരിങ്ങിക്കല്‍ ഉസ്മാന്റെ വീട്ടിലാണ് തീ പിടിച്ചത്. അടുക്കളയില്‍ തീ പടര്‍ന്നതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണമായത്.

തുടര്‍ന്ന് മലപ്പുറം അഗ്‌നിരക്ഷാ നിലയത്തില്‍ വിളിച്ചുവരുത്തി. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തുമ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു റെഗുലേറ്റര്‍ അടക്കമുള്ള സിലിണ്ടറിന് ചുറ്റുമുള്ള വസ്തുക്കള്‍ കത്തികൊണ്ടിരിക്കുന്ന അവസ്ഥയില്‍ ആയിരുന്നു. വീട്ടുകാര്‍ ഇന്നലെ മാറ്റി വച്ച പുതിയ സിലിണ്ടറിനാണു തീ പിടിച്ചത്. അടുക്കള ഉപകരണങ്ങളും ഗ്യാസ് സ്റ്റൗവും കത്തി നശിച്ചു.

ഉദ്യോഗസ്ഥരാണ് ചുട്ടുപഴുത്ത ഗ്യാസ് സിലിണ്ടര്‍ വീടിനു പുറത്തെത്തിച്ചത്. പരിശോധനയില്‍ സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഘടിപ്പിക്കുന്ന ഭാഗത്തു ചോര്‍ച്ച കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സിലിണ്ടറിനു ചുറ്റും ഒരു പരിധിയില്‍ കൂടുതല്‍ ചൂടുണ്ടായാല്‍ ഉഗ്രശബ്ദത്തോടെ വീട് മുഴുവന്‍ തകര്‍ക്കുന്ന രീതിയിലുള്ള പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

also read- പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ യു. ഇസ്മായില്‍ ഖാന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സീനിയര്‍ ഫയര്‍ ഓഫിസര്‍ കെ. സിയാദ്, ടി.കെ. നിഷാന്ത്, കെ.സി. മുഹമ്മദ് ഫാരിസ്, എ. ജബ്ബാര്‍, പി . അഭിലാഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Exit mobile version