വനിതാ മതിലിനെതിരെ വീണ്ടും മാവോയിസ്റ്റുകള്‍; മലപ്പുറത്ത് പോസ്റ്ററുകള്‍ പതിച്ചു

മലപ്പുറം: വനിതാ മതിലിനെതിരെ വീണ്ടും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചു. മലപ്പുറം വഴിക്കടവിന് സമീപം മഞ്ചക്കോടാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും പോസ്റ്ററില്‍ പറയുന്നു. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു.

ഇന്നലെ കണ്ണൂര്‍ അമ്പായത്തോടിലും വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. പോലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്ററുകള്‍ പതിപ്പിച്ചതെന്നാണ് വിവരം. മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തോക്കുകളേന്തി പ്രകടനം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു. രാമു, കീര്‍ത്തി എന്ന കവിത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു.

നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയില്‍ ആയുധധാരികളായ ഒമ്പതംഗ മാവോവാദി സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു.

Exit mobile version