കോഴിക്കോട് ദീപകിന്റെ മൃതദേഹമെന്ന് കരുതി ബന്ധുക്കൾ സംസ്‌കരിച്ചത് ഇർഷാദിന്റെ മൃതദേഹം; തട്ടിക്കൊണ്ടുപോയ യുവാവിനെ തിരിച്ചറിഞ്ഞത് ഡിഎൻഎ ടെസ്റ്റിൽ; കൊലപാതകമെന്ന് പോലീസ്

കോഴിക്കോട്: തിക്കോടി കോടിക്കൽ കടപ്പുറത്ത് നിന്നും കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇർഷാദിന്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. മൃതദേഹം മേപ്പയ്യൂർ സ്വദേശിയായ ദീപക്കിന്റേതാണെന്ന സംശയത്തിൽ അവരുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചിരുന്നു.

പക്ഷേ പിന്നീട് ഇക്കാര്യത്തിൽ സംശയമുണ്ടായതിനെ തുടർന്ന് ഇർഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിൾ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ ഫൊറൻസിക് ലബോറട്ടറിയിൽ ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മൃതദേഹം ഇർഷാദിന്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇർഷാദിന്റേത് കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസിന് കിട്ടിയെന്നാണ് സൂചന.

തട്ടിക്കൊണ്ടുപോകപ്പെട്ട ഇർഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്ന സംശയമുയർന്നിരുന്നു. ഇതോടെയാണ് കണ്ടെത്തിയ മൃതദേഹത്തിന് ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. ജൂലായ് 17നാണ് തിക്കോടി കോടിക്കൽ കടപ്പുറത്ത് നിന്നും മൃതദേഹം കണ്ടെത്തുന്നത്.

ALSO READ- നിക്കാഹിന് വധുവിന് പള്ളിയിൽ പ്രവേശനം നൽകിയത് വീഴ്ച; അംഗീകരിക്കുന്നില്ലെന്ന് മഹല്ല് കമ്മിറ്റി; ഫോട്ടോ എടുത്തത് അനധികൃതമായെന്നും വാദം

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര ആവടുക്കയിലെ കോഴിക്കുന്നുമ്മൽ ഇർഷാദിനെ കാണാതായതിന്റെ പിറ്റേന്നാണ് കോടിക്കൽ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. എന്നാൽ, ജൂൺ ഏഴിന് മേപ്പയ്യൂരിൽ നിന്നു കാണാതായ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകി(36)ന്റെ മൃതദേഹമാണെന്നു കരുതി ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയായിരുന്നു.

കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ യുവാവ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മൃതദേഹം ഇർഷാദിന്റേതാണെന്ന സംശയം പോലീസിനുണ്ടായത്.

പേരാമ്പ്ര എഎസ് പിടികെ വിഷ്ണുപ്രദീപ്, പെരുവണ്ണാമൂഴി സിഐ സുഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക അന്വേഷണ സംഘം പുറക്കാട്ടിരിയിലെത്തി യുവാവ് പുഴയിൽ ചാടിയെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

916 നാസറെന്നറിയപ്പെടുന്ന താമരശ്ശേരി കൈതപ്പൊയിൽ ചെന്നിപ്പറമ്പിൽ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് റിപ്പോർട്ട്.

Exit mobile version