നിക്കാഹിന് വധുവിന് പള്ളിയിൽ പ്രവേശനം നൽകിയത് വീഴ്ച; അംഗീകരിക്കുന്നില്ലെന്ന് മഹല്ല് കമ്മിറ്റി; ഫോട്ടോ എടുത്തത് അനധികൃതമായെന്നും വാദം

കുറ്റ്യാടി: സോഷ്യൽമീഡിയയിലടക്കം വൈറലായ കോഴിക്കോട്ടെ പള്ളിയിൽ വധുവിന് നിക്കാഹ് കർമ്മത്തിന് സാക്ഷികാൻ അനുമതി നൽകിയ സംഭവത്തിൽ വിശദീകരണവുമായി മഹല്ല് കമ്മിറ്റി. കഴിഞ്ഞ 30ന് കോഴിക്കോട് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പള്ളിയിലെ നിക്കാഹ് വേദിയിൽ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവനയിറക്കി.

കഴിഞ്ഞദിവസം ചേർന്ന യോഗത്തിന് ശേഷമാണ് പ്രസ്താവനയിറക്കിയത്. മഹല്ല് ജനറൽ സെക്രട്ടറിയോട് നിക്കാഹിന്റെ തൊട്ടുമുമ്പാണ് കുടുംബം അനുവാദം ചോദിച്ചതെന്നും അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അത് വലിയ വീഴ്ചയാണ്. സംഭവത്തിൽ മഹല്ല് കമ്മിറ്റിയിൽനിന്നോ അംഗങ്ങളിൽനിന്നോ പണ്ഡിതരിൽനിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല.-എന്നും യോഗം വിലയിരുത്തി.

അനുമതി ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണെന്നും മഹല്ല് ജമാഅത്ത് കമ്മിറ്റി അറിയിച്ചു. സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പള്ളിയിൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചത് അനധികൃതമായിട്ടാണ്. ഭാരവാഹികളുടെ ശ്രദ്ധയിൽപെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് അത് നടത്തിയത്. പള്ളി അർഹിക്കുന്ന മര്യാദകൾ നഗ്‌നമായി ലംഘിച്ചുകൊണ്ട് അത്തരം ഒരു നീക്കം നടത്തിയതിൽ വധുവിന്റെ കുടുംബമാണ് ഉത്തരവാദികളെന്നും ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് കുടുംബം വീഴ്ച വരുത്തിയിരിക്കുന്നതെന്നും മഹല്ല് ജമാഅത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.

ALSO READ- കോമൺവെൽത്ത് ഗെയിംസ്: ലോങ്ജംപിൽ വെള്ളി! ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം എം ശ്രീശങ്കർ

ഗുരുതരമായ വീഴ്ചയാണെന്ന് മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും. ഈ വിഷയത്തിൽ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായിട്ടുണ്ട്. അതിൽ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

പള്ളിയിൽ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കുമെന്നും മഹല്ല് ജനറൽ ബോഡിയിൽ വിശദീകരിക്കുമെന്നുമാണ് അറിയിപ്പ്.

Exit mobile version