കോമൺവെൽത്ത് ഗെയിംസ്: ലോങ്ജംപിൽ വെള്ളി! ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം എം ശ്രീശങ്കർ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ചരിതര നേട്ടം കൊയ്ത് മലയാളി താരം എം ശ്രീശങ്കർ. ലോങ്ജംപിൽ വെള്ളി മെഡലാണ് താരം കരസ്ഥമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ജംപിൽ ഇന്ത്യ ആദ്യമായിട്ടാണ് മെഡൽ നേടുന്നത്.

8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയത്. സ്വർണമെഡൽ നേടിയ ബഹമാസ് താരം ലഖ്വൻ നയ്രൻ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും, ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായിരുന്നത് കാരണമാണ് ലഖ്വൻ ജേതാവായത്.

ശ്രീശങ്കർ തന്റെ അഞ്ചാം ശ്രമത്തിലാണ് 8.08 മീറ്റർ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളിൽ 7.60 മീറ്റർ, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കർ കണ്ടെത്തിയ ദൂരം. നാലാം ശ്രമത്തിൽ എട്ടുമീറ്റർ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ ഫൗളായി.

ലോങ്ജംപിൽ ഇന്ത്യക്ക് രണ്ട് മെഡൽപ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ മത്സരിച്ചിരുന്നു. 7.97 ദൂരം ചാടി മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കയുടെ ജോവാൻ വാൻ വൂറൻ (8.06 മീ.) വെങ്കലം നേടി.

Exit mobile version