‘റെനീസിനെ ഉപേക്ഷിച്ച് പോ, ഇവിടെ കയറി താമസിക്കും’; നജ്‌ല മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ കാമുകിയുടെ ഭീഷണി ഭയന്ന്; പോലീസുകാരന്റെ കാമുകി ഷഹാന അറസ്റ്റിൽ

ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്സിൽ മക്കളെക്കൊന്ന് യുവതി ജീവനൊടുക്കിയ കേസിൽ വഴിത്തിരിവായി പോലീസ് നടപടി. മരിച്ച നജ്‌ലയുടെ ഭർത്താവ് റെനീസിന്റെ കാമുകി ഷഹാനയെ പോലീസ് അറസ്റ്റ് ചെയ്തു. റെനീസിനെ വിവാഹം കഴിക്കാനായി നജ്‌ലയെ ഒഴിവാക്കാൻ ഷഹാന നിരന്തരം ശ്രമിച്ചിരുന്നു. റെനീസും ഭാര്യ നജ്‌ലയും മക്കളും താമസിക്കുന്ന പോലീസ് ക്വാർട്ടേഴ്‌സിലെത്തി ഷഹാന ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ആത്മഹത്യയും കൊലപാതകവും സംഭവിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഷഹാനയ്ക്കെതിരേ മൊബൈൽഫോൺ തെളിവുകളും മറ്റു ശാസ്ത്രീയത്തെളിവുകളും കണ്ടെത്തിയിരുന്നു. വണ്ടാനം മെഡിക്കൽകോളേജ് പോലീസ് എയ്ഡ്പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസറായിരുന്നു സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസ്. സംഭവത്തിനുശേഷം സസ്പെൻഷനിലായ ഇയാൾ റിമാൻഡിലായി ജയിലിലാണ്. മേയ് 10-നാണ് നജ്ല (27) യേയും മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്നശേഷം നജ്ല തൂങ്ങിമരിക്കുകയായിരുന്നു.

സംഭവത്തിൽ കഴിഞ്ഞദിവസം ലജ്നത്ത് വാർഡ് ഷമീറനമൻസിലിൽ ഷഹാനയെ(24)യാണ് പോലീസ് ആത്മഹത്യാപ്രേരണക്കുറ്റത്തിന്റെ പേരിൽ അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കോളേജ് വിദ്യാർത്ഥിനിയാണ് ഷഹാന. നജ്‌ല ഭർത്താവിൽ നിന്നും കാമുകിയിൽ നിന്നും നിരന്തരം മാനസിക പീഡനത്തിന് ഇരയായിരുന്നു. റെനീസിനെ വിവാഹംകഴിക്കാൻ ഷഹാന സമ്മർദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു.

റെനീസിനെ വിവാഹം കഴിക്കാനായി നജ്‌ലയും മക്കളും ഒഴിഞ്ഞുപോകണമെന്നായിരുന്നു ഷഹനയുടെ ആവശ്യം. ഇല്ലെങ്കിൽ, റെനീസിന്റെ ഭാര്യയായി ക്വാർട്ടേഴ്സിൽ വന്നു താമസിക്കുമെന്ന് നജ്ലയെ ഭീഷണിപ്പെടുത്തിയിരുന്നു. നജ്‌ല ആത്മഹത്യചെയ്ത ദിവസവും ഷഹാന ക്വാർട്ടേഴ്സിലെത്തി ഭീഷണിപ്പെടുത്തിയതായി പോലീസ് കണ്ടെത്തി.

ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലും ദുഃഖത്തിലുമായ നജ്‌ല മക്കളുടെ ജീവനപഹരിച്ച് സ്വയം മരണം തെരഞ്ഞെടുക്കുകയായിരുന്നു. ഷഹാനയ്ക്കു റെനീസിന്റെ പിന്തുണയുള്ളതുകൊണ്ട് നിരാശയായ നജ്‌ല മരണത്തിൽ അഭയം കണ്ടെത്തിയെന്നാണ് പോലീസ് വിശദീകരം. കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്‌ല മൻസിലിൽ പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണു നജ്‌ല.

അടുത്ത ബന്ധുക്കളായ ഷഹാനയും റെനീസും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഒന്നരവർഷം മുൻപ്, ഷഹാനയ്ക്കുവന്ന വിവാഹാലോചന പോലും ഇരുവരും ചേർന്നു മുടക്കി. ഇതോടെ ഷഹാനയുടെ വീട്ടുകാർ ഷഹാനയുമായി ഇടഞ്ഞിരുന്നു. വീട്ടുകാരുമായി പിണങ്ങിയ ഷഹാന റെനീസിന്റെ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. പിന്നീട് സ്വന്തം ബന്ധുവിന്റെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു.

ALSO READ- എംഎൽഎയും മന്ത്രിയും ഗവർണറും; ഇപ്പോൾ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയും; അറിയാം ദ്രൗപതി മുർമു ആരാണെന്ന്

റെനീസിന്റെ നിരന്തരമുള്ള മാനസിക, ശാരീരിക പീഡനമാണ് ആത്മഹത്യക്കു കാരണമായതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. 10 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. അന്ന് സ്ത്രീധനമായി 40 പവനും 10 ലക്ഷം രൂപയും ബൈക്കും നൽകിയിരുന്നു. കൂടുതൽ പണമാവശ്യപ്പെട്ട് നജ്ലയെ പീഡിപ്പിച്ചിരുന്ന റെനീസ് പലതവണ നജ്ലയെ സ്വന്തം വീട്ടിലേക്കു പറഞ്ഞയച്ചിരുന്നു. സ്ത്രീധനത്തിനുപുറമേ പലപ്പോഴായി വൻതുക റെനീസ് വാങ്ങിയെന്നും പോലീസ് കണ്ടെത്തി.

നജ്‌ല അനുഭവിക്കുന്ന ക്രൂരതകൾ പുറത്തറിയാതിരിക്കാൻ ഇവർക്ക് സ്വന്തമായി ഫോൺ നൽകിയിരുന്നില്ല. പുറത്തുപോകുമ്പോൾ നജ്ലയെ മുറിയിൽ പൂട്ടിയിട്ട് പോകുകയായിരുന്നു പതിവ്.

ALSO READ- മരണത്തിന് ഉത്തരവാദികള്‍ ഇവര്‍, ഭാര്യ ശിവകല കാമുകനൊപ്പം ബഹ്‌റൈനില്‍; ലക്ഷക്കണക്കിന് പണം നല്‍കിയ ഭാര്യയുടെ മറ്റൊരു കാമുകന്‍ ദുബായില്‍; പ്രകാശിന്റെ കുറിപ്പിലെ ആരോപണങ്ങളില്‍ ഞെട്ടല്‍

റെനീസിന് വട്ടിപ്പലിശ ഇടപാടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങിയ ഭൂമിയുടെ രേഖകൾ, ചെക്ക് ലീഫുകൾ, ബോണ്ട്‌പേപ്പർ എന്നിവയടങ്ങിയ ബാഗ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Exit mobile version