എംഎൽഎയും മന്ത്രിയും ഗവർണറും; ഇപ്പോൾ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയും; അറിയാം ദ്രൗപതി മുർമു ആരാണെന്ന്

ന്യൂഡൽഹി: എൻഡിഎ സഖ്യകക്ഷികൾ ചേർന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പേര് കഴിഞ്ഞദിവസം പുറത്തുവിട്ടതു മുതൽ എല്ലാ കണ്ണുകളും ദ്രൗപതി മുർമുവിലേക്കാണ്. രാജ്യത്തിന്റെ ആദ്യ ഗോത്ര വിഭാഗത്തിൽ നിന്നുള്ള പ്രസിഡന്റും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതയും ആകുമോ ദ്രൗപതിയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിപക്ഷകക്ഷികൾ യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥആനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ സ്ഥിരീകരിച്ചത്.

രാം നാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനം ഒഴിയുന്ന വേളയിൽ ഇരുപതോളം പേരുകളാണ് എൻഡിഎ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇതിൽ നിന്നും ആദിവാസി, സ്ത്രീ എന്ന നിലയിലും ഗോത്രവർഗ വിഭാഗമായ സന്താൾ കുടുംബത്തിൽ പെട്ട ശക്തയായ വനിത എന്ന നിലയിലും ദ്രൗപതി മുർമുവിന്റെ പേര് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർന്നുവരികയായിരുന്നു.

2015 മെയ് 18 മുതൽ ഝാർഖണ്ഡ് സംസ്ഥാനത്തെ ഗവർണ്ണറായ ദ്രൗപദി മുർമു ഈ സംസ്ഥാനത്തിന്റെ തന്നെ ആദ്യ വനിതാഗവർണർ എന്ന പദവിയും നേടിയിരുന്നു. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിത കൂടിയാണ് മുർമു. 1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ ജനിച്ച ദ്രൗപതി പഠനകാലം തൊട്ട് രാഷ്ട്രീയത്തിൽ മികവുപുലർത്തിയിരുന്നു. അധ്യാപികയായിരുന്ന ദ്രൗപതി മുർമു ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിൽ നിന്നാണ് ബിരുദം നേടുന്നത്. കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിനു തുടക്കം.

ALSO READ-ബാലൻസ് തെറ്റി സ്‌കൂട്ടർ യാത്രക്കാരികൾ നടുറോഡിൽ വീണു; പിന്നാലെ എത്തിയ ബൈക്കുകാരൻ ഇടിച്ചിട്ടെന്ന് ആരോപിച്ച് വഴക്ക്; രക്ഷയായത് ക്യാമറ; വൈറൽ വീഡിയോ

2000 മുതൽ 2004വരെ ഒഡീഷയിലെ റായ്റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ച് എംഎൽഎയായി പദവി വഹിച്ചു. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായി.

2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഒഡീഷയിലെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്സസ് ഡവലപ്മെന്റ് മന്ത്രിയായിരുന്നു. ശ്യാം ചരൺ മുർമ്മു ആണ് ഭർത്താവ്. ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളും ഉണ്ട്. ഭർത്താവ് ശ്യാം ചരൺ മുർമുവും രണ്ട് ആൺമക്കളും മരണപ്പെട്ടതാണ് മുർമുവിന്റെ സ്വകാര്യ ദുഃഖങ്ങളിൽ ഏറ്റവും വലുത്.

Exit mobile version