വിവാഹ ഫോട്ടോയ്ക്കായി ചിരിക്കാനായില്ല;എട്ട് വർഷത്തിന് ശേഷം വിഷമം മാറ്റാൻ കളിചിരികളുമായി വെഡിങ് ഷൂട്ട്; സാക്ഷിയായി മകളും; വൈറൽ

തിരുവനന്തപുരം: എട്ട് വർഷം മുമ്പ് ഒരുപാട് സംഘർഷങ്ങൾക്കിടയിൽ വിവാഹിതരായപ്പോൾ വേണ്ടരീതിയിൽ ചിരിക്കാനും സന്തോഷിക്കാനും സാധിക്കാത്തതിന്റെ വിഷമം മാറ്റിയിരിക്കുകയാണ് ഈ ദമ്പതികൾ. വിവാഹദിനം പുനരാവിഷ്‌കരിച്ച് എട്ടുവർഷത്തിന് ശേഷം ന്യൂജെൻ വെഡിങ് തന്നെ നടത്തിയിരിക്കുകയാണ് രജിതയും അനീഷും.

വെഞ്ഞാറമൂട് കോട്ടുകുന്നം മണ്ഡപക്കുന്ന് കിളിക്കൂട്ടിൽ വി അനീഷ്- ഡോ.വൈഎസ് രജിത ദമ്പതികളാണ് വിവാഹദിനം റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടേയും ഫോട്ടോകളും വീഡിയോയും സോഷ്യൽ മീഡിയയിൽ താരവുമാണ്. എല്ലാത്തിനും സാക്ഷിയായി ഇവരുടെ മകൾ ഏഴു വയസ്സുകാരി അമ്മുവും ഉണ്ടായിരുന്നു.

2014 ഡിസംബർ 29നായിരുന്നു ഇവരുടെ വിവാഹം. അന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാർഥിനിയും. പ്രണയത്തിലായിരുന്നെങ്കിലും രജിതയുടെ വീട്ടുകാർക്ക് വിവാഹത്തിന് സമ്മതമല്ലായിരുന്നു. എങ്കിലും ഇരുവരും ഒളിച്ചോടാൻ തയ്യാറായില്ല. ഒടുവിൽ വിവാഹ ചടങ്ങുകൾ ഒന്നുമില്ലാതെ പെൺകുട്ടിയെ വന്നു വിളിച്ചു കൊണ്ടു പോകാൻ അനീഷിന്റെ കുടുംബത്തെ രജിതയുടെ വീട്ടുകാർ അറിയിച്ചു.

തുടർന്ന് അനീഷിന്റെ മാതാവും സഹോദരിയും എത്തി രജിതയെ വിളിച്ചുകൊണ്ടു വരികയും അന്നേദിവസം വൈകിട്ട് കീഴായിക്കോണം ഓഡിറ്റോറിയത്തിൽ അനീഷിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടക്കുകയും ചെയ്തു.

പഠനം തുടർന്ന രജിത കൊമേഴ്‌സിൽ പിഎച്ച്ഡി നേടി. തുടർന്ന് കുറച്ചുകാലം കിളിമാനൂരിലെ സ്വകാര്യ കോളജിൽ ഗെസ്റ്റ് ലക്ചറർ ആയി ജോലി നോക്കി. ജീവിതം സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെങ്കിലും വിവാഹദിനത്തിലെ ചിത്രങ്ങൾ കുറച്ചുകൂടി മനോഹരമാക്കാൻ അനീഷും ഭാര്യയും ആഗ്രഹിക്കുകയായിരുന്നു. തുടർന്നാണ് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ അനീഷിന്റെ ആഗ്രഹം സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനി മീരാ അജിത്കുമാർ മനസ്സിലാക്കിയതും സഹായവുമായി എത്തിയതും.

മീരയുടെ ഇടപെടലിൽ വിവാഹ ഫോട്ടോ ഷൂട്ടിനു സാഹചര്യം ഒരുങ്ങി. തുടർന്ന് ഇരുവരും വധൂവരന്മാരായി അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിലേക്ക്. സേവ് ദ ഡേറ്റ്, പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് എന്നിവയുടെ ഫോട്ടോ ഷൂട്ടുകൾ തിരുവനന്തപുരം, ആറ്റുകാൽ ക്ഷേത്രം, ശംഖുംമുഖം എന്നിവയുടെ പശ്ചാത്തലത്തിൽ ഷൂട്ട് ചെയ്തു.

അന്ന് തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ ദിനങ്ങൾ മനോഹരമായി ചിത്രീകരിച്ച് ഡിജിറ്റൽ ആൽബമാക്കി. അന്നത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരൻ എന്ന നിലയിൽ നിന്നും സാമൂഹികപ്രവർത്തകനെന്ന നിലയിലേക്ക് അനീഷ് വളർന്നു.

also read- നയൻതാര വിവാഹത്തിന് ക്ഷണിച്ചു; ഞാൻ പോയില്ല, തിരക്കിലായിരുന്നു: ധ്യാൻ ശ്രീനിവാസൻ

വലിയകട്ടയ്ക്കാൽ കേന്ദ്രമാക്കി സ്‌നേഹയാത്ര എന്ന സംഘടന രൂപീകരിച്ച് 15 വയസ്സിനു താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ സഹായം എത്തിക്കുന്ന പ്രവർത്തനവും അനീഷിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. അനീഷ് സ്‌നേഹയാത്ര എന്ന പേരിലാണ് രചനകളും നടത്തുന്നുണ്ട്്. പ്രളയകാലത്ത് സജീവമായ വിഭവ ശേഖരണത്തിനു രംഗത്തുണ്ടായിരുന്നു. രക്തദാന പ്രവർത്തനത്തിനും പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

Exit mobile version