ശാരീരിക അസ്വസ്ഥതകൾ കാരണം ലോട്ടറി വിൽക്കാനായില്ല; ചന്ദ്രനെ തേടിയെത്തിയത് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം

പാലാ: വിറ്റുപോകാതിരുന്ന ലോട്ടറി ടിക്കറ്റ് കാരണം ലോട്ടറി വിൽപ്പനക്കാരൻ ലക്ഷാധിപതിയായി. പാലായിലെ ലോട്ടറി വിൽപനക്കാരൻ പൂഞ്ഞാർ വെള്ളാപ്പള്ളിൽ ചന്ദ്രനാ(54)ണ് ഭാഗ്യശാലി. ചന്ദ്രന്റെ കൈയ്യിലെ വിറ്റുപോകാത്ത നിർമ്മൽ ലോട്ടറിയുടെ എൻഎൻ 227146 നമ്പരിലുള്ള ടിക്കറ്റിന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു.

പാലാ ടൗൺ ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന എംജെ പ്രശാന്തിന്റെ ഭഗവതി ലക്കി (പിഎം) സെന്ററിൽ നിന്നുമാണ് ചന്ദ്രൻ ലോട്ടറി വാങ്ങി വിൽപന നടത്തുന്നത്. ഒന്നാം സമ്മാനം ഇവിടെനിന്നു നൽകിയ ടിക്കറ്റിനായിരുന്നുവെങ്കിലും രണ്ടു ദിവസമായിട്ടും വിജയിയെ കണ്ടെത്താനായിരുന്നില്ല. പാലാ പ്രദേശങ്ങളിൽ ചന്ദ്രൻ തന്നെ ഭാഗ്യവാനെ അന്വേഷിക്കുന്നതിനിടെയാണ് വിൽക്കാനായി വാങ്ങിച്ച ലോട്ടറി ടിക്കറ്റിലൂടെ വഴിത്തിരിവുണ്ടായത്.

പാലായിലും പരിസര പ്രദേശത്തും നടന്ന് ലോട്ടറി വിൽപ്പന നടത്തിയിരുന്ന ചന്ദ്രൻ കഴിഞ്ഞദിവസം ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ഏതാനും ടിക്കറ്റുകൾ വിൽക്കാൻ കഴിയാതെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇവ സൂക്ഷിച്ചു വെച്ചു. പിറ്റേന്നു പതിവുപോലെ ലക്കി സെന്ററിലെത്തി ലോട്ടറിയെടുത്തു. ഉച്ചയ്ക്ക് ശേഷം ഫലം വന്നതോടെയാണ് താൻ വിൽപന നടത്തിയ ലോട്ടറിക്കാണ് സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞത്. തുടർന്ന് വിജയിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഏറെ ആലോചിച്ചെങ്കിലും ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർത്തെടുക്കാനായിരുന്നില്ല.

also read0- നടിയുടെ പരാതിയെ കുറിച്ച് അറിയില്ലായിരുന്നു; അതുകൊണ്ടാണ് വിജയ് ബാബുവിന് എടിഎം കാർഡ് ദുബായിൽ എത്തിച്ചത്: സൈജു കുറുപ്പിന്റെ മൊഴി

ഇതിനിടെയാണ് ഏതാനും ടിക്കറ്റുകൾ വീട്ടിൽവച്ചിരുന്നതായി ഓർമ്മ വന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമ്മാനാർഹമായ ടിക്കറ്റ് കണ്ടെത്തുകയായിരുന്നു. ഏജന്റ് പ്രശാന്തിനെ അറിയിച്ച് ടിക്കറ്റ് പരിശോധിച്ച് സമ്മാനം ഉറപ്പാക്കിയ ശേഷം ഫെഡറൽ ബാങ്കിന്റെ പാലാ ശാഖയിൽ ഏൽപ്പിച്ചു.

also read- അന്ന് ഗിലാനിയെ മർദ്ദിച്ചു, മുഖത്ത് തുപ്പി; ഔദ്യോഗിക വക്താവായി വളർന്ന നൂപുറിന് എല്ലാം നഷ്ടമായത് ഇസ്ലാം വിരുദ്ധ പരാമർശത്തിൽ; ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി തിരിച്ചടിയായി മോഡി സർക്കാർ

എട്ട് വർഷത്തോളമായി ലോട്ടറി വിൽപനയാണ് ചന്ദ്രന്റെയും കുടുംബത്തിന്റെയും ഏകവരുമാനമാർഗ്ഗം. മുൻപ് ഇദ്ദേഹത്തിന് കൂലിപ്പണിക്കാരനായിരുന്നു. തോളെല്ലിന് അകൽച്ച വന്നതോടെ ജോലിക്ക് പോകാനാവാതെ വന്നപ്പോഴാണ് ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങിയത്. ശ്രീദേവിയാണ് ഭാര്യ. മക്കളായ ശ്രീകാന്തും ശ്രീനാഥും വിദ്യാർത്ഥികളാണ്. 12 വർഷത്തോളമായി വാടക വീട്ടിൽ താമസിക്കുന്ന ചന്ദ്രനും കുടുംബത്തിനും സ്വന്തമായി സ്ഥലം വാങ്ങി വീട് വെക്കണമെന്നാണ് ആഗ്രഹം.

Exit mobile version