അന്ന് ഗിലാനിയെ മർദ്ദിച്ചു, മുഖത്ത് തുപ്പി; ഔദ്യോഗിക വക്താവായി വളർന്ന നൂപുറിന് എല്ലാം നഷ്ടമായത് ഇസ്ലാം വിരുദ്ധ പരാമർശത്തിൽ; ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി തിരിച്ചടിയായി മോഡി സർക്കാർ

ന്യൂഡൽഹി: ബിജെപിയുടെ യുവനേതാവും ദേശീയവക്താവുമായ നൂപുർ ശർമ്മയുടെ വിവാദപരാമർശവും സസ്‌പെൻഷനുമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ച. നൂപുറിന്റെ ഇസ്ലാം വിരുദ്ധ പരാമർശം ഇന്ത്യ ഗൾഫ് രാജ്യങ്ങളുമായി ഉണ്ടാക്കിയെടുത്ത ഊഷ്മള സൗഹൃദം വരെ തകരുന്ന നിലയിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.

ഖത്തറും സൗദി അറേബ്യയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ ഭരണപക്ഷ പാർട്ടിയുടെ നേതാവിന്റെ പരാമർശത്തെ അപലപിച്ചിട്ടുണ്ട്. ഖത്തർ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യയുടെ നയതന്ത്രത്തെ പോലും വെല്ലുവിളിക്കുന്ന നൂപുർ ശർമ്മയുടെ പരാമർശത്തിൽ വിശദീകരണവുമായി പാർട്ടി തന്നെ രംഗത്തെത്തുകയും നടപടി കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ്.

നൂപുറിനെ സസ്‌പെൻഡുചെയ്തതിന് പിന്നാലെ ഡൽഹി ബിജെപി മാധ്യമവിഭാഗം മേധാവി നവീൻ ജിൻഡാലിനേയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. നൂപുറിന്റെ പ്രസ്താവനയെ തള്ളിയ പാർട്ടി ‘ഇന്ത്യയുടെ ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിൽ, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാർട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബിജെപി ശക്തമായി അപലപിക്കുന്നു’ എന്ന് പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു.

ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗമുണ്ടെന്ന പ്രചാരണവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് നൂപുർ ശർമ്മയുടെ വിവാദ പരാമർശത്തിന് പിന്നിൽ. മേയ് 28ന് നടത്തിയ ചർച്ചക്കിടെയാണ് നൂപുർ ശർമ്മ വിവാദ പ്രസ്താവന നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള കാര്യങ്ങൾ, ആളുകൾ തുടങ്ങിയവ പരിഹാസ പാത്രങ്ങളാണെന്നാണ് നൂപുറിന്റെ വിവാദമായ വാക്കുകൾ. പ്രവാചകരെ ഉൾപ്പടെ നൂപുർ അപഹസിച്ചെന്ന് ആരോപണം ഉയർന്നതോടെ മണിക്കൂറുകൾക്കുള്ളിൽ പ്രസ്താവന വൻ വിവാദമായി. പ്രസ്താവനയ്ക്കെതിരെ മുസ്ലിം സംഘടനകൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. പ്രസ്താവനയെ തുടർന്ന് ഉത്തർപ്രദേശിലെ കാൻപൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവുമുണ്ടായി. സംഘർഷത്തിൽ 20 പോലീസ് ഉദ്യോഗസ്ഥർക്കടക്കം 40 ഓളം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

നൂപുർ പോലും വിചാരിക്കാത്ത തലത്തിലേക്ക് അവരുടെ വാക്കുകൾ സഞ്ചരിക്കുകയും രാഷ്ട്രീയ കരിയറിൽ വിള്ളൽ വീഴുകയും ചെയ്തു. ഇവരുടെ വാക്കുകൾ രാജ്യത്തിന്റെ അഖണ്ഡതയെ പോലും ചോദ്യം ചെയ്യുകയും നയതന്ത്ര ബന്ധങ്ങൾ ഉലയുകയും ചെയ്തതോടെയാണ് ബിജെപി കടുത്ത നടപടികളിലേക്ക് കടന്നത്.

ഇപ്പോൾ ബിജെപിക്ക് തന്നെ തലവേദനയായ നൂപുറിനെ ഈ നിലയിലേക്ക് വളർത്തിയതും ഇതേ ബിജെപി പാർട്ടി തന്നെയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കവെ എബിവിപി നേതാവായിരുന്ന നൂപുർ പാർട്ടിയുടെ ഔദ്യോഗിക വക്താവായി വളർന്നത് ഡൽഹിയിലെ പ്രധാന നേതാക്കളുടെ തലോടലോടു കൂടിയായിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ വർഗീയതയും ജനാധിപത്യവും ഫാസിസവും എന്ന വിഷയത്തിൽ ഒരു ഫാക്കൽറ്റി സെമിനാർ നടത്തിയിരുന്നു. ഇതിലേക്ക് പാർലമെന്റ് ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട എസ്എആർ ഗിലാനിയെയും ക്ഷണിച്ചിരുന്നു.

ഈ സമയത്ത് സെമിനാർ വേദിയിലേക്ക് നൂപുറിന്റെ നേതൃത്വത്തിൽ എബിവിപിയുടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തി. തുടർന്ന് പ്രതിഷേധക്കാർ ഗിലാനിയെ മർദ്ദിച്ചെന്നും നൂപുർ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പിയെന്നും പ്രചാരണമുണ്ടായിരുന്നു.

അന്ന് രാത്രി നടന്ന ടെലിവിഷൻ ചർച്ചയിൽ പങ്കെടുന്ന നൂപുർ പൊട്ടിത്തെറിച്ചുകൊണ്ടാണ് തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. അതോടെ എബിവിപിയുടെ തീപ്പൊരി നേതാവ് പട്ടം ലഭിച്ച ഈ പെൺകുട്ടിക്ക് മുതിർന്ന നേതാക്കളുടെ പിന്തുണയും ആവോളം ലഭിച്ചു.

പിന്നീട് പതിയെ പാർട്ടി ഔദ്യോഗിക തലത്തിലും പ്രാധാന്യം ലഭിച്ച നൂപുർ മനോജ് തിവാരിയുടെ കീഴിലുള്ള ബിജെപി ഡൽഹി ഘടകത്തിന്റെ ഔദ്യോഗിക വക്താവായി നിയമിതയായി. 2020ൽ ജെ പി നദ്ദയുടെ അദ്ധ്യക്ഷതയിൽ അവർ ബിജെപിയുടെ ദേശീയ വക്താവായി നിയമിതയാവുകയായിരുന്നു.

also read- നടിയുടെ പരാതിയെ കുറിച്ച് അറിയില്ലായിരുന്നു; അതുകൊണ്ടാണ് വിജയ് ബാബുവിന് എടിഎം കാർഡ് ദുബായിൽ എത്തിച്ചത്: സൈജു കുറുപ്പിന്റെ മൊഴി

സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ നൂപുർ ലണ്ടൻ സ്‌കൂൾ ഒഫ് എക്കണോമിക്‌സിൽ നിന്ന് എംഎൽഎം നേടി. ബിജെപിയുടെ യൂത്ത് വിംഗ് ബിജെവൈഎമ്മിന്റെ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, നാഷണൽ മീഡിയ ഇൻ-ചാർജ്, തുടങ്ങിയ ഭാരവാഹിത്വങ്ങളിൽ പ്രവർത്തിച്ചു. 2015 ൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജരിവാളിനെതിരെ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

അതേസമയം, തന്റെ പ്രസ്താവനയിലെ അപകടം വ്യക്തമായതോടെ വിശദീകരണവുമായി നൂപുർ തന്നെ രംഗത്തെത്തിയിരുന്നു. താൻ ഒരു മതത്തെയും വിശ്വാസത്തെയും അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു നൂപുർ ട്വിറ്ററിൽ കുറിച്ചത്. ശിവദേവനെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ ദിവസങ്ങളായി ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. തുടർച്ചയായി ശിദേവനെ അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്റെ വാക്കുകൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ പരാമർശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല – നൂപുർ ട്വിറ്ററിൽ കുറിച്ചുതിങ്ങനെ.

അതേസമയം, നൂപുറിന്റെ വിശദീകരണത്തിൽ പാർട്ടിയിലെ ഉന്നതനേതാക്കൾ സംതൃപ്തരല്ലെന്നാണ് കരുതുന്നത്. ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിലൂടെ ബിജെപിയുടെ മുഖമായി വളർന്ന ഈ മുപ്പത്തിയേഴുകാരിക്ക് ബിജെപിയുടെ ദേശീയ വക്താവ് എന്നതിനപ്പുറം ഏറെ ശോഭനമായ ഭാവിയുണ്ടെന്നാണ് നേതാക്കളുൾപ്പടെ സകലരും കരുതിയിരുന്നത്. അറിയപ്പെടുന്ന അഭിഭാഷക കൂടിയാണ് ഇവർ. അച്ഛൻ വിനയ് ശർമ്മ, അമ്മ രൂപാലി ശർമ്മ. ഒരു സഹോദരിയുമുണ്ട്.

Exit mobile version