വിഷു-ഈസ്റ്റർ അവധിക്ക് അമ്മ വീട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ട് തർക്കം; കോട്ടയത്ത് പന്ത്രണ്ടുകാരൻ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി; ദാരുണമരണം

കോട്ടയം: സ്‌കൂൾ അവധിക്ക് അമ്മ വീട്ടിൽ പോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പന്ത്രണ്ടുകാരൻ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി. 80 ശതമാനം പൊള്ളലേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയുടെ വീട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് കുന്നേൽപ്പാലം അറയ്ക്കപ്പറമ്പിൽ ശരത്തിന്റെ മകൻ മാധവ് എസ് നായർ ജീവനൊടുക്കിയത്. ഇന്നലെ രാവിലെ 11നാണു സംഭവമുണ്ടായത്. വിഷു, ഈസ്റ്റർ അവധിയോടനുബന്ധിച്ച് അമ്മ വീട്ടിൽ പോകണമെന്ന് മാധവ് ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാൽ, ഇന്നലെ രാവിലെ ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ അച്ഛൻ സമ്മതിച്ചില്ല. തുടർന്ന് ഇക്കാര്യത്തെ ചൊല്ലി മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടായതായും അയൽവാസികൾ പറയുന്നു.

ഇതിനിടെ മനോവിഷമത്തിൽ മുറിയ്ക്കുള്ളിൽ കയറി കതകടച്ചിരുന്ന മാധവ് പിന്നീട് മുറ്റത്തേക്ക് ഓടിയിറങ്ങി മാധവ് അവിടെ സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളിച്ച് ഓടിയെത്തിയ അമ്മ സുനിതയും സഹോദരി മീനാക്ഷിയും രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും തീ ആളിക്കത്തിയതിനാൽ അടുക്കാനായില്ല. നിസ്സഹായരായ ഇവരുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ മാധവിനെ പാമ്പാടി ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർക്കു മൊഴി നൽകിയതിന് പിന്നാലെ കുട്ടിക്കു ബോധം നഷ്ടമായി. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവൻ വെടിഞ്ഞു. എൺപതു ശതമാനം പൊള്ളലേറ്റ് അത്യാസന്ന നിലയിലാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാനായത്.

ALSO READ- നോമ്പ് തുറയ്ക്കായി സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ യുക്രൈനിലെ മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു; കണ്ണീരിൽ മുങ്ങി മലപ്പുറത്തെ കുടുംബം

താൻ സ്വയം ചെയ്തതാണെന്ന് കുട്ടി ഡോക്ടർക്ക് മൊഴി നൽകിയിട്ടുണ്ട്. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാധവിന്റെ അച്ഛൻ ശരത് ചെറുവള്ളിക്കാവ് ദേവസ്വം ജീവനക്കാരനാണ്. മാതാവ്: സുനിത. സഹോദരി: മീനാക്ഷി എസ് നായർ ( ശ്രീഭദ്ര പബ്ലിക് സ്‌കൂൾ). സംസ്‌കാരം പിന്നീട്.

Exit mobile version