ക്ഷേത്ര ഉത്സവത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി: കിടപ്പാടമില്ലാത്ത 20 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട്

പൂത്തോട്ട: ശ്രീനാരായണ വല്ലഭക്ഷേത്ര ഉത്സവത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കിടപ്പാടമില്ലാത്ത 20 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കി പൂത്തോട്ട എസ്എന്‍ഡിപി യോഗം 1103-ാം നമ്പര്‍ ശാഖ. കിടപ്പാടമില്ലാത്ത 20 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കിയാണ് എസ്എന്‍ഡിപി യോഗം മാതൃകയാവുകയാവുന്നത്.

പദ്ധതിയുടെ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 10-ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്എന്‍ഡിപി കണയന്നൂര്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ അധ്യക്ഷനായിരിക്കും. ആദ്യഘട്ടത്തില്‍ 10 വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്.

രണ്ടുവര്‍ഷം കൊണ്ട് 20 വീടുകള്‍ നിര്‍മിച്ചു കൊടുക്കുംവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് ഇഎന്‍ മണിയപ്പന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശാഖാംഗങ്ങളായിട്ടുള്ളവരില്‍ മൂന്ന് സെന്റോളം സ്ഥലമുള്ളവരും കിടപ്പിടമില്ലാത്തവരുമായവരെ പ്രത്യേകം കണ്ടെത്തിയാണ് വീട് നിര്‍മിച്ചുകൊടുക്കുന്നത്. ആറര ലക്ഷത്തോളം രൂപ മുടക്കി 450 ചതുരശ്ര അടിയിലാണ് ഓരോ വീടിന്റെയും നിര്‍മാണം.

ശ്രീനാരായണ വല്ലഭക്ഷേത്രത്തിലെ ഉത്സവത്തിന് ഓരോ വര്‍ഷവും 60 ലക്ഷത്തിലധികം രൂപ ചെലവ് വരാറുണ്ട്. ഇത്തവണ ഞായറാഴ്ചയാണ് ഉത്സവം തുടങ്ങുന്നത്. ഉത്സവത്തിന് പ്രൊഫഷണലായിട്ടുള്ള കലാപരിപരികളും മറ്റും ഒഴിവാക്കിക്കൊണ്ട് മിച്ചംവരുന്ന തുകയും, സംഭാവനയായി ലഭിക്കുന്ന തുകയും ഉപയോഗിച്ചാകും വീടുകള്‍ നിര്‍മിച്ചുകൊടുക്കുന്നത്. ശാഖാ സെക്രട്ടറി കെ.കെ. അരുണ്‍കാന്ത്, വൈസ് പ്രസിഡന്റ് എവി ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് രാജ് എന്നിവരും പങ്കെടുത്തു.

Exit mobile version