ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണം; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; ഡബ്ല്യുസിസി വനിതാകമ്മീഷനെ സമീപിച്ചു

കൊച്ചി: മലയാള സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് വുമൺ ഇൻ സിനിമാ കലക്ടീവ് വനിതാ കമ്മീഷനെ സമീപിച്ചു. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷൻ സിറ്റിങ്ങിനിടെയാണ് ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നുമാണ് ഡബ്ല്യുസിസി ആവശ്യപ്പെട്ടത്.

പാർവതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരൻ, അഞ്ജലി മേനോൻ, സയനോര അടക്കമുള്ളവരാണ് കൂടിക്കാഴ്ചക്കായി എത്തിയത്. ജസ്റ്റിസ് ഹേമ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും റിപ്പോർട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ പുതിയ നീക്കം.

Also Read-തുടർച്ചയായ ഉറക്ക കുറവ് ദേഹാസ്വാസ്ഥ്യമുണ്ടാക്കി; പൾസർ സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

2019 ഡിസംബർ 31 നായിരുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ‘കാസ്റ്റിംഗ് കൗച്ച്’ സിനിമാ വ്യവസായത്തിനുള്ളിൽ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകൾ കമ്മീഷന്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. പെൺവാണിഭ സംഘവുമായി ബന്ധമുള്ള സിനിമാപ്രവർത്തകർ ഇപ്പോഴും മലയാള സിനിമയിലുണ്ടെന്ന് ഈയടുത്ത് പാർവതി തിരുവോത്ത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Exit mobile version