ഇനി ഇഡലിപ്പാറക്കുടിയിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തും; ആവശ്യമായ പൈപ്പുകൾ വാങ്ങി നൽകി സുരേഷ് ഗോപി എംപി

മൂന്നാർ: കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറക്കുടിയിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനായി പൈപ്പുകൾ വാങ്ങി നൽകി സുരേഷ് ഗോപി എംപി. ഇഡലിപ്പാപാറക്കുടിയിലെ നൂറോളം കുടുംബങ്ങൾ വർഷങ്ങളായി കുടിവെള്ളം കിട്ടാതെ വലയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എംപിയുടെ ഇടപെടൽ.

എംപി ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ അനുവദിച്ചാണ് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ശ്രമിച്ചത്. എന്നാൽ, ഇടമലക്കുടി പഞ്ചായത്തിൽ സർക്കാർ സംവിധാനത്തിൽ അനുവദിക്കുന്ന ഫണ്ട് മുഖാന്തരം പദ്ധതി നടപ്പാക്കുന്നതിന് വനംവകുപ്പ് അനുമതി വേണമെന്നുള്ളതിനാൽ അനുവദിച്ച കുടിവെള്ള പദ്ധതി നടപ്പാക്കാൻ കാലതാമസം വരും.

തുടർന്നാണ് സുരേഷ് ഗോപി എംപി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽനിന്ന് മൂന്നരക്കിലോമീറ്റർ നീളത്തിൽ വെള്ളവരയിൽ നിന്ന് ഇഡലിപാറയിലേക്ക് വേണ്ടിവരുന്ന ഏകദേശം ഏഴുലക്ഷംരൂപ വിലവരുന്ന എച്ച്ഡി പൈപ്പ് വാങ്ങിനൽകിയത്.

സുരേഷ് ഗോപി എംപിയുടെ നിർദേശപ്രകാരം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിഎൻ സുരേഷ്, ബിജെപി ജില്ലാ സെൽ കോ-ഓർഡിനേറ്റർ സോജൻ ജോസഫ്, അടിമാലി മണ്ഡലം ജനറൽ സെക്രട്ടറി ബി മനോജ് കുമാർ എന്നിവർ കഴിഞ്ഞദിവസം പൈപ്പുകൾ ലോറിയിൽ പെട്ടിമുടിയിലെത്തിച്ചുനൽകി.

Also Read-സംരക്ഷണം തേടി ഓരോ മക്കളോടും അപേക്ഷിച്ചു; മരണക്കിടക്കയിലായിട്ടും അഞ്ച് മക്കളും തിരിഞ്ഞുനോക്കിയില്ല; ആർഡിഒ സംരക്ഷത്തിലായിരുന്ന വൃദ്ധമാതാവ് അന്തരിച്ചു

ഇവിടെനിന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ തലച്ചുമടായി പൈപ്പുകൾ ഇഡലിപാറയിലെത്തിച്ചു. വെള്ളവരയിലെ തടയണയിൽനിന്ന് പൈപ്പുകളിട്ട് ഇഡലിപാറയിലെ ഷീറ്റ് കെട്ടിയുണ്ടാക്കിയ കുളത്തിലെത്തിച്ചശേഷം അവിടെനിന്ന് വീടുകളിൽ വെള്ളമെത്തിക്കും. കുടി നിവാസികളുടെ നേതൃത്വത്തിലാണ് പൈപ്പിടലും മറ്റും നടത്തുന്നത്. വീടുകളിൽ വെള്ളമെത്തിയാലുടൻ സുരേഷ് ഗോപി കുടുംബസമേതം ഇടമലക്കുടി സന്ദർശിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

Exit mobile version