സംരക്ഷണം തേടി ഓരോ മക്കളോടും അപേക്ഷിച്ചു; മരണക്കിടക്കയിലായിട്ടും അഞ്ച് മക്കളും തിരിഞ്ഞുനോക്കിയില്ല; ആർഡിഒ സംരക്ഷത്തിലായിരുന്ന വൃദ്ധമാതാവ് അന്തരിച്ചു

ഹരിപ്പാട്: അഞ്ചുമക്കളുണ്ടായിട്ടും ആരും സംരക്ഷിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ആർഡിഒ സംരക്ഷണത്തിലായിരുന്ന വൃദ്ധമാതാവ് ചികിത്സയിലിരിക്കെ മരിച്ചു. വാത്തുകുളങ്ങര രാജലക്ഷ്മിഭവനിൽ സരസമ്മ (74)യാണ് ഹരിപ്പാട് ഗവ. ആശുപത്രിയിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണു മരിച്ചത്.

ഇവർക്ക് മൂന്ന് ആൺമക്കളും രണ്ടു പെൺമക്കളുമാണുള്ളത്. ആരും സംരക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ചെങ്ങന്നൂർ ആർഡിഒ ഇടപെട്ടാണ് ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം മക്കൾ ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം വിട്ടുകൊടുക്കുന്നതിൽ തീരുമാനമായിട്ടില്ല. ആർഡിഒയുടെ ഉത്തരവ് അനുസരിച്ച് മാത്രമേ മൃതദേഹം മക്കൾക്കു വിട്ടുകൊടുക്കുകയുള്ളുവെന്ന് ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു വി നായർ പറഞ്ഞു.

സരസമ്മ അത്യാസന്നനിലയിൽ ചികിത്സയിൽ കഴിയുമ്പോഴും മക്കളെ കാണാൻ ആഗ്രഹം പറഞ്ഞിരുന്നു. എന്നാൽ ഈ വിവരം അറിയിച്ചിട്ടും ആരും വന്നില്ലെന്നാണ് പോലീസ് പറയുന്നത്. ആരോഗ്യവകുപ്പിൽനിന്ന് നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ച സരസമ്മ വാർധക്യ സഹജമായ രോഗങ്ങളാൽ കഷ്ടപ്പെടുകയായിരുന്നു. ഒരുമാസം മുൻപ് ഒരു മകൾ സരസമ്മയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

ഇതേത്തുടർന്നു സംഭവം ചെങ്ങന്നൂർ ആർഡിഒയെ അറിയിച്ചു. മക്കളെ വിളിച്ചുവരുത്താൻ ആർഡിഒ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച രണ്ടുമക്കളെ അറസ്റ്റുചെയ്ത് ആർഡിഒ കോടതിയിൽ ഹാജരാക്കി. അമ്മയെ നോക്കാൻ തയ്യാറകണമെന്ന വ്യവസ്ഥയോടെയാണ് ആർഡിഒ ഇവരെ ജാമ്യത്തിൽ വിട്ടത്. ഇതിനുപിന്നാലെയാണു സരസമ്മ മരിച്ചത്.

Also Read-വ്യാപാരികൾക്കും സംരംഭകർക്കുമായി കുറഞ്ഞപലിശയിൽ അഞ്ചു ലക്ഷം വായ്പ; ജനകീയമായി മാക്‌സ്‌വാല്യുവിന്റെ ‘വ്യാപാരി ക്ഷേമ’ വായ്പാ പദ്ധതി

സരസമ്മയുടെ ആൺമക്കൾ കരുനാഗപ്പള്ളിയിലും ഹരിപ്പാട്ടും അമ്പലപ്പുഴയിലുമായാണു താമസിക്കുന്നത്. എല്ലാവരും നല്ല നിലയിലാണ്. പെൺമക്കളിൽ ഒരാൾ വീയപുരത്താണ്. മൂത്തമകൾക്കാണു കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലം നൽകിയിരിക്കുന്നത്. ഇവിടെ വീടുപണിയായതിനാൽ മകൾ വാടകവീട്ടിലാണ് താമസം. അടുത്തിടെ ഈ വീട്ടിൽ അഭയം തേടിയെങ്കിലും തനിക്കു മാത്രമായി സംരക്ഷിക്കാൻ കഴിയില്ലെന്ന് അറിയിച്ച് ഇവരും കൈയ്യൊഴിയുകയായിരുന്നു.

ഒരുവർഷം മുൻപാണു സമരസമ്മയുടെ ഭർത്താവ് മാധവൻനായർ മരിച്ചത്. ഇതോടെയാണ് സംരക്ഷണം തേടി ഇവർ ഓരോ മക്കളെയും സമീപിച്ചതെന്നാണ് അറിയുന്നത്.

Exit mobile version