സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലൈനിലെത്തി; കട്ടപ്പനയിൽ ലൈൻമാൻ ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തിൽ കെഎസ്ഇബി കണ്ടെത്തൽ

ഇടുക്കി: കട്ടപ്പനയിൽ കഴിഞ്ഞ ദിവസം വൈദ്യുതി ലൈനിലെ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവം സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലൈനിലേക്ക് എത്തിയത് കൊണ്ടാണെന്ന് കണ്ടെത്തി. നിർമ്മല സിറ്റി മണ്ണാത്തിക്കുളത്തിൽ എംവി ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു മരണം.

നഗരത്തിലെ ഹൈറേഞ്ച് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നാണ് വൈദ്യുതി എത്തിയതെന്നാണ് പരിശോധനിൽ കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമാവുകയായിരുന്നു.

നേരത്തെ വൈദ്യുതി ഓഫ് ചെയ്ത ശേഷം അറ്റകുറ്റപണികൾ നടത്തിയിട്ടും ദാരുണസംഭവമുണ്ടായതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തിയതോടെ ഹൈറേഞ്ച് ഹോം അപ്ലയൻസസിലെ ജനറേറ്ററിൽ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.


ജനറേറ്റർ കൃത്യമായി എർത്തിങ് നടത്താതിരുന്നത് മൂലമാണ് വൈദ്യുതാഘാതമുണ്ടായതെന്നാണ് കണ്ടെത്തൽ. വയറിങ് നടത്തിയതും ശരിയായ രീതിയിലായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സ്ഥാപനത്തിലേക്കുള്ള വൈദ്യുതികണക്ഷൻ വിച്ഛേദിച്ചു. ഒരു പോസ്റ്റിൽ നിന്നും 16 കണക്ഷനുകൾ നൽകിയ കെഎസ്ഇബിയും വീഴ്ച വരുത്തിയെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ പറഞ്ഞു.

Exit mobile version