ദുരഭിമാന മര്‍ദ്ദനം: സഹോദരീ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ഡോക്ടര്‍ ഡാനിഷ് ഊട്ടിയില്‍ പിടിയില്‍

തിരുവനന്തപുരം: ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനത്തില്‍ പ്രതിയായ ഡോക്ടര്‍ ഡാനിഷ് ഊട്ടിയില്‍ പോലീസ് പിടിയിലായി. ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഊട്ടിയില്‍ നിന്നും ഡാനിഷിനെ അറസ്റ്റ് ചെയ്തത്.

സഹോദരി ഭര്‍ത്താവ് മിഥുനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഡാനിഷ് ഒളിവില്‍ പോയിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പോലീസ് വിവാദത്തെതുടര്‍ന്നു എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഡാനിഷ് തമിഴ്‌നാട്ടിലാണെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഊട്ടിയിലാണെന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസെത്തി അറസ്റ്റു ചെയ്തത്.

പട്ടികജാതി യുവാവിനെ സഹോദരി ദീപ്തി വിവാഹം കഴിച്ചതിലുള്ള വിരോധത്താല്‍, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മര്‍ദനമെന്നാണ് പോലീസിന്റെ എഫ്‌ഐആര്‍. മര്‍ദനത്തില്‍ പരുക്കേറ്റ മിഥുന്‍കൃഷ്ണ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മിഥുന്‍ കൃഷ്ണന്‍ ഹിന്ദു മതത്തിലും വിവാഹം ചെയ്ത ദീപ്തി ക്രിസ്ത്യന്‍ മതത്തിലുമായിരുന്നു. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. 29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം.

ദീപ്തിയുടെ വീട്ടില്‍ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരന്‍ വിളിച്ചുകൊണ്ട് പോകുന്നത്. തുടര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ആദ്യം കൈകൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മര്‍ദനത്തില്‍ മിഥുന്റെ തലയ്ക്കും, നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Exit mobile version