മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തും; പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട് ജലവകുപ്പ് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകളെ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് തള്ളി. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും. എന്നാല്‍ ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടെന്നും ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ അത് വനംവകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനവകുപ്പ് അത് റിസര്‍വ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. ഇത്തരത്തില്‍ പുതുക്കി പണിതാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും- ദുരൈ മുരുകന്‍ പറഞ്ഞു.

Exit mobile version