തെലുങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ, പ്രശ്‌നമില്ല; കേരളത്തിലെ സിനിമാചിത്രീകരണം ചർച്ചചെയ്ത് തീരുമാനിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

saji-cheriyan

തിരുവനന്തപുരം: കേരളത്തിലെ സിനിമാ ചിത്രീകരണത്തിന്റെ അനുമതി സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് സിനിമാ-സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തെലുങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ. അതിൽ പ്രശ്‌നമൊന്നുമില്ല. കോവിഡ് പ്രതിരോധത്തിന് എല്ലാവരും സഹകരിക്കണമെന്നതാണ് സർക്കാർ നയം. എല്ലാവരും സഹകരിക്കണം. ഏതെങ്കിലുമൊരു പടത്തിന് അനുമതി നൽകണമോയെന്നത് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും മന്ത്രി വിശദീകരിച്ചു.

കേരളത്തിൽ ചിത്രീകരണത്തിന് അനുമതി നൽകാത്ത സാഹചര്യത്തിൽ സിനിമ ഷൂട്ടിങ്ങുകൾ തെലങ്കാനയിലേക്ക് മാറ്റാൻ മലയാള സിനിമാ മേഖല തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യുടെ ഷൂട്ടിങ് തെലങ്കാനയിലേക്ക് മാറ്റിയിരുന്നു.

കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സിനിമകളുടെ ചിത്രീകരണം പുനരാരംഭിക്കാൻ അനുമതി ഇല്ല.

ദിലീപ് ചിത്രം കേശു വീടിന്റെ ഐശ്വര്യം, മഞ്ജു വാര്യർ, ജയസൂര്യ ചിത്രം മേരി ആവാസ് സുനോ എന്നിവയുടെ ചിത്രീകരണം തമിഴ്‌നാട്ടിലും തെലുങ്കാനയിലുമായി നടക്കും.

കേരളത്തിൽ സിനിമ ചിത്രീകരണം തുടങ്ങാൻ അനുമതി നൽകണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഫെഫ്ക കത്തെഴുതിയിരുന്നു. മലയാള സിനിമ വ്യവസായം ഏറെ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. അടിസ്ഥാനവർഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നെയും സജീവമായിരിക്കുന്നു. ഷൂട്ടിങ്ങിനു മുമ്പ് പിസിആർ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയോബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിങ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയാണ് ഫെഫ്ക.

Exit mobile version