കിളിനക്കോട്ട് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാരപ്പോലീസ് ചമഞ്ഞവര്‍ക്കെതിരെ കേസ്; ആക്രമണം സെല്‍ഫിയെടുത്തതിനും ആണ്‍കുട്ടികള്‍ക്കൊപ്പം നിന്നതിനും

വിവാഹത്തിനെത്തിയ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ സദാചാര പൊലീസിങ് അനുഭവം തമാശരൂപേണെ വിവരിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്

മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാരാക്രമണം നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തവര്‍ കുടുങ്ങും. സംഭവുമായി ബന്ധപ്പെട്ട് 6 പേര്‍ക്കെതിരെ വേങ്ങര പോലീസ് കേസെടുത്തു.

വേങ്ങരക്കടുത്ത് കിളിനക്കോട് വിവാഹത്തിനെത്തിയ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ സദാചാര പൊലീസിങ് അനുഭവം തമാശരൂപേണെ വിവരിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും ആരംഭിച്ചു. ഇവരെ അധിക്ഷേപിക്കുന്ന മറുപടികളുമായി കിളിനക്കോട് സ്വദേശികളാണെന്ന് പരിചയപ്പെടുത്തുന്ന പുരുഷന്‍മാര്‍ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും രംഗത്തെത്തി.

പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഇവര്‍ സദാചാര ആക്രമണത്തെ ന്യായീകരിക്കുന്നുമുണ്ട്. സെല്‍ഫിയെടുത്തതിനും ആണ്‍കുട്ടികള്‍ക്ക് ഒപ്പം നിന്നതിനുമാണ് അവരോട് നാട്ടുകാര്‍ ദേഷ്യപ്പെട്ടതെന്നും അത്തരം തോന്ന്യവാസങ്ങള്‍ അംഗീകരിക്കാത്ത സംസ്‌കാരമാണ് ഞങ്ങളുടെ നാടിനുള്ളതെന്നും ഇവര്‍ ദൃശ്യങ്ങളില്‍ പറയുന്നു.

പെണ്‍കുട്ടികള്‍ നാടിനെ ആക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ ജനവികാരം അവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചെന്ന് വീമ്പ് പറഞ്ഞുകൊണ്ടുള്ള പ്രചരണങ്ങളുമുണ്ടായി. പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടികള്‍ നില്‍ക്കുന്നതിന്റെയും പുറത്ത് ജനക്കൂട്ടം തടിച്ചു കൂടിയതിന്റേയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു.

എന്നാല്‍ പെണ്‍കുട്ടികള്‍ക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വങ്ങര പൊലീസ് വ്യക്തമാക്കി. സഹപാഠിയുടെ വിവാഹത്തിനെത്തിയപ്പോള്‍ ചിലര്‍ ശല്യം ചെയ്തെന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. വോട്ട്സാപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പരാതി ലഭിച്ചതായി പൊലീസ് അറിയിച്ചു. പരാതിയോടനുബന്ധിച്ച് 6 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

‘സദാചാര വിരുദ്ധമായ കാര്യങ്ങള്‍’ ചെയ്തത് തടഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീഡിയോ എടുത്തത് എന്ന് സൂചിപ്പിക്കുന്ന തലക്കെട്ടിലാണ് ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടികളെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള ധാരാളം കമന്റുകളാണ് വീഡിയോക്ക് താഴെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.

Exit mobile version