തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം; കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ല; എറണാകുളത്തെ എംഎൽഎമാർക്കും എംപിക്കും നന്ദി: സാബു ജേക്കബ്

കൊച്ചി: തെലങ്കാനയിൽ ആയിരം കോടി നിക്ഷേപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് തിരിച്ചെത്തി. കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ലെന്ന് സാബു ജേക്കബ് പ്രതികരിച്ചു. എറണാകുളത്തെ എംഎൽഎമാർക്കും എംപിക്കും എതിരെ രൂക്ഷമായ വിമർശനവും അദ്ദേഹം പങ്കുവെച്ചു. വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നതെന്നും അദ്ദേഹം പരിഹസിച്ചു.

രാജകീയ സ്വീകരണമാണ് തെലങ്കാനയിൽ ലഭിച്ചത്. ആദ്യഘട്ടത്തിൽ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ബാക്കി കാര്യങ്ങൾ തീർപ്പാക്കും. അതിന് ശേഷമായിരിക്കും കൂടുതൽ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമായും രണ്ട് പാർക്കുകളാണ് തെലങ്കാനയിൽ കണ്ടത്. ഒന്ന് ടെക്‌സറ്റൈയിൽസിന് വേണ്ടി വാറങ്കലും മറ്റേത് ജനറൽ പാർക്കുമാണ്. രണ്ടു തവണ വ്യവസായ മന്ത്രിയുമായി ചർച്ച ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥന്മാരുമായി അവസാന വട്ട ചർച്ചക്ക് ശേഷമാണ് ഇന്ന് തെലങ്കാനയിൽ നിന്ന് തിരിച്ചുവരുന്നത്. താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എംഎൽഎയോടാണ്. കൂടാതെ എറണാകുളം ജില്ലയിൽ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച നാല് എംഎൽഎമാരും ഒരു എംപിയുമുണ്ട്. പെരുമ്പാവൂർ എംഎൽഎ, മൂവാറ്റുപുഴ എംഎൽഎ, തൃക്കാക്കര എംഎൽഎ, എറണാകുളം എംഎൽഎ, ചാലക്കുടി എംപി എന്നിവരോടും കടപ്പെട്ടിരിക്കുന്നു.

കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എംഎൽഎയോടും എംപിയോടും നന്ദിയാണ് പറയാനുള്ളതെന്നും സാബു പ്രതികരിച്ചു.

അതേസമയം, മുഖ്യമന്ത്രി എന്ത് പറഞ്ഞാലും അതിനെതിരേ പ്രതികരിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു. ഒരു ദിവസത്തെ ചർച്ചക്ക് ശേഷം മടങ്ങിയെത്താമെന്നാണ് കരുതിയത്. എന്നാൽ ചർച്ചക്ക് ശേഷം അവിടുത്തെ വ്യവസായ പാർക്കുകൾ സന്ദർശിക്കുമ്പോൾ ഒട്ടനവധി സാധ്യതകൾ ഒരു വ്യവസായിക്ക് ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഒരുമണിക്കൂറോളം ഹെലികോപ്ടറിൽ ഇൻഫ്രാസ്ട്രക്ടചർ മനസിലാക്കാനും സാധിച്ചു. തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നതാണ് സാരമെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version