വിവാദങ്ങൾക്കും പ്രതിഷേധത്തിനും ഒടുവിൽ വി മുരളീധരന് വീണ്ടും എസ്‌കോർട്ടും പൈലറ്റ് വാഹനവും അനുവദിച്ചു

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് കേരളത്തിൽ എത്തുമ്പോൾ നൽകിയിരുന്ന സുരക്ഷ പുനഃസ്ഥാപിച്ചു. വീണ്ടും കേന്ദ്രമന്ത്രിക്ക് എസ്‌കോർട്ടും പൈലറ്റ് വാഹനവും അനുവദിക്കാനാണ് തീരുമാനം. രണ്ട് വർഷമായി വി മുരളീധരൻ കേരളത്തിലെത്തുമ്പോഴെല്ലാം എസ്‌കോർട്ടും പൈലറ്റും നൽകി വന്നിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ശനിയാഴ്ച കേരളത്തിലെത്തിയ മുരളീധരന് സംസ്ഥാന സർക്കാർ പൈലറ്റ് വാഹനവും എസ്‌കോർട്ടും ഒഴിവാക്കിയിരുന്നു. തുടർന്ന് പ്രതിഷേധിച്ച മന്ത്രി മുരളീധരൻ ഗൺമാനെ റോഡിൽ ഇറക്കിവിട്ടിരുന്നു. ഇത് വിവാദമായതോടെയാണ് സുരക്ഷ വീണ്ടും അനുവദിച്ചിരിക്കുന്നത്.

ഗൺമാൻ ബിജുവിനെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് മുരളീധരൻ ഇറക്കിവിട്ടത്. മുരളീധരന് സംസ്ഥാന സർക്കാർ നൽകി വന്നിരുന്ന സുരക്ഷ പിൻവലിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. വൈ ക്യാറ്റഗറി സുരക്ഷയാണ് കേന്ദ്രസഹമന്ത്രിക്ക് നൽകിയിരുന്നത്. തനിക്ക് സുരക്ഷ ഒഴിവാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി പ്രതികരിച്ചിരുന്നത്.

എസ്‌കോർട്ടും പൈലറ്റും പിൻവലിച്ചതായി ഗൺമാൻ തന്നെയായിരുന്നു മുരളീധരനോട് പറഞ്ഞത്. സുരക്ഷാ ഭീഷണിയുള്ളവർക്ക് മാത്രമാണ് കാറ്റഗറിയിൽ പറഞ്ഞിട്ടുള്ള സുരക്ഷ ഒരുക്കേണ്ടത് എന്നാണ് നിർദ്ദേശമെന്ന് പോലീസ് വിശദീകരിച്ചിരുന്നു. മന്ത്രിയുടെ സ്റ്റാഫ് യാത്ര ചെയ്യുന്ന വാഹനത്തിൽ തന്നെയായിരുന്നു അന്ന് ഗൺമാനും കയറിയിരുന്നത്.

Exit mobile version