വിപ്ലവ നക്ഷത്രം കെആർ ഗൗരിയമ്മയ്ക്ക് ചെങ്കൊടി പുതച്ച് വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രം കെആർ ഗൗരിയമ്മയ്ക്ക് പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം. പൊതുദർശനത്തിന് ശേഷം ഗൗരിയമ്മയുടെ ഭൗതീക ശരീരം പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ എത്തിച്ച് സംസ്‌കരിച്ചു. തിരുവനന്തപുരത്തെ അയ്യൻകാളി ഹാളിലെ പൊതുദർശത്തിന് ശേഷം ആലപ്പുഴയിലെത്തിക്കുകയും അവിടെ നിന്നും പുന്നപ്രയിൽ ടിവി തോമസ് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെത്തിക്കുകയുമായിരുന്നു. വീട്ടിലും സ്‌കൂളിലും മൃതദേഹം അല്‍പനേരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അയ്യൻകാളി ഹാളിൽ എത്തിയിരുന്നു. ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് എകെജി സെന്ററിൽ പതാക താഴ്ത്തി കെട്ടി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാണെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പൊതുദർശനത്തിന് 300 പേർക്ക് പ്രവേശനം അനുവദിച്ചിരുന്നു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു കെആർ ഗൗരിയമ്മയുടെ അന്ത്യം. 101 വയസായിരുന്നു.

അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980,1987,2001 2004 എന്നീ വർഷങ്ങളിൽ രൂപം കൊണ്ട മന്ത്രിസഭകളിലും അവർ അംഗമായിരുന്നു. കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച യുഡിഎഫ് മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

റവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം കൊടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്‌സിസ്റ്റ്) അംഗം ആയിരുന്ന ഇവർ പിന്നീട് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാർട്ടി രൂപീകരിച്ചും രാഷ്ട്രീയ പ്രവർത്തനം തുടർന്നു.

Exit mobile version