മലപ്പുറത്ത് അക്കങ്ങള്‍ തിരുത്തി ലോട്ടറി തട്ടിപ്പ്; സിസിടിവിയില്‍ കുടുങ്ങിയ രണ്ടംഗ സംഘത്തെ തിരഞ്ഞ് പോലീസ്

ലപ്പുറത്തെ ലോട്ടറി കച്ചവടക്കാരനായ രാമകൃഷ്ണനെയാണ് രണ്ടംഗ സംഘം കബളിപ്പിച്ചത്

മലപ്പുറം: മലപ്പുറത്ത് ലോട്ടറി തട്ടിപ്പ്്. ലോട്ടറി ടിക്കറ്റിലെ അവസാന അക്കങ്ങള്‍ തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. മലപ്പുറത്തെ ലോട്ടറി കച്ചവടക്കാരനായ രാമകൃഷ്ണനെയാണ് രണ്ടംഗ സംഘം കബളിപ്പിച്ചത്. രണ്ടായിരം രൂപയാണ് രാമകൃഷ്ണന് നഷ്ടമായത്.

മലപ്പുറം പറവക്കല്‍ സ്വദേശിയായ രാമകൃഷ്ണന്‍ കളക്ട്രേറ്റിന്റേയും ടൗണ്‍ഹാളിന്റേയുമൊക്കെ പരിസരത്ത് എപ്പോഴുമുണ്ടാകും. ലോട്ടറി കച്ചവടമാണ് ഏക വരുമാന മാര്‍ഗ്ഗം. അങ്ങനെയിരിക്കെയാണ് ബുധനാഴ്ച രണ്ട് പേരെത്തി രാമകൃഷ്ണനെ കബളിപ്പിക്കുന്നത്. ഒന്‍പതാം തീയതിയിലെ പൗര്‍ണമി ടിക്കറ്റിന്റെ നാല് ടിക്കറ്റുകള്‍ കാണിച്ചു. ഒരേ നമ്പരില്‍ വ്യത്യസ്ഥ സീരിയലിലുകളിലുള്ളവ. അവസാന നാല് അക്കങ്ങള്‍ 7003. ഇതിന് 500 രൂപ വീതം അടിച്ചിട്ടുണ്ടെന്നും ആകെ രണ്ടായിരം രൂപ മാറ്റിത്തരുമോയെന്നും ചോദിച്ചു.

ലോട്ടറി ഫലവുമായി ഒത്തുനോക്കി സമ്മാനം ഉണ്ടെന്ന് ഉറപ്പാക്കിയ രാമകൃഷ്ണന്‍ പണം കൈമാറി. 7998 എന്ന അക്കങ്ങള്‍ തിരുത്തി 7003 ആക്കിയായിരുന്നു തട്ടിപ്പ്. ഇവരുടെ ദൃശ്യങ്ങള്‍ സമീപത്തെ ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ തട്ടിപ്പുകാര്‍ക്കായി തെരച്ചില്‍ തുടരുകയാണ് പോലീസ്.

Exit mobile version