ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ പോലൊരു പാർട്ടിയുടെ അഖിലേന്ത്യ നേതാവ് സ്വീകരിക്കേണ്ട നിലയല്ല ഇത്; ബിജെപിയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഹുലിന്റെ ശ്രമം: മുഖ്യമന്ത്രി

ബിജെപിയെ നേരിടാൻ മടി കാണിക്കുന്ന രാഹുലിന് എൽഡിഎഫിനെ നേരിടാനും അക്രമിക്കാനും വലിയ താത്പര്യമാണ്. ആരെ സഹായിക്കാനാണ് ഈ സമീപനം. കോൺഗ്രസ് അതുകൊണ്ട് രക്ഷപ്പെടുമോ

rahul gandhi and pinarayi

തിരുവനന്തപുരം: കേരളത്തിൽ എത്തിയ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പ്രസ്താവനകളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരേ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്നതല്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഹുലിന്റെ ശ്രമം. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെ പോലൊരു പാർട്ടിയുടെ അഖിലേന്ത്യാ നേതാവ് സ്വീകരിക്കേണ്ട നിലയല്ല ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്ത് കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ചില സ്ഥലങ്ങളിലേക്ക് പോകാൻ രാഹുൽ മടി കാണിക്കുന്നത് എന്തിനാണെന്നും തിരുവനന്തപുരത്ത് എൽഡിഎഫിന്റെ തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി ചോദ്യം ചെയ്തു.

ബിജെപിയെ നേരിടാൻ മടി കാണിക്കുന്ന രാഹുലിന് എൽഡിഎഫിനെ നേരിടാനും അക്രമിക്കാനും വലിയ താത്പര്യമാണ്. ആരെ സഹായിക്കാനാണ് ഈ സമീപനം. കോൺഗ്രസ് അതുകൊണ്ട് രക്ഷപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.

യഥാർഥത്തിൽ കോൺഗ്രസ് പാർട്ടി കേരളത്തിൽ രക്ഷപ്പെടുന്നത് ഇവിടെയുള്ള എൽഡിഎഫിന്റെ ശക്തികൊണ്ടാണ്. ബിജെപിക്ക് പ്രതിരോധം തീർക്കാൻ കേരളത്തിൽ എൽഡിഎഫുണ്ട്. നാടിനും ജനങ്ങൾക്കും അതറിയാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Exit mobile version