ലോകം അഭിനന്ദിക്കുന്നെന്ന് സോഷ്യൽമീഡിയയും ട്വന്റി20യും അവകാശപ്പെടുന്ന കിഴക്കമ്പലത്തെ ഈ കുടിലുകളും സോഷ്യൽലോകം കാണണം; ലൈഫ് പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ പോലും അനുവദിക്കാത്ത ക്രൂരത

kizhakkambalam 1

കിഴക്കമ്പലം: കേരള രാഷ്ട്രീയത്തെ തന്നെ ചോദ്യം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് 2015ൽ കിഴക്കമ്പലം പഞ്ചായത്തിൽ ആരംഭിച്ച ട്വന്റി20 ഭരണം ഇന്ന് സമീപത്തെ പഞ്ചായത്തുകളിലേക്കും നീണ്ടിരിക്കുന്നു. കോർപ്പറേറ്റ് പണം മുടക്കി അധികാരം കൈയ്യാളുന്ന കിഴക്കമ്പലത്ത് പുറത്തുനിന്നു നോക്കുന്നവർക്ക് കാണുന്നത് വർണകാഴ്ചകളാണ്. എന്നാൽ അതല്ല യാഥാർത്ഥ്യമെന്നാണ് ചില കാഴ്ചകൾ തന്നെ സംസാരിക്കുന്നത്.

ജനകീയ ഭക്ഷ്യക്കാർഡും റോഡും വീടും തോടുകളും നവീകരിച്ചും പുനരുദ്ധരിച്ചും വികസനത്തിന്റെ മാതൃക കാണിച്ച കിഴക്കമ്പലത്തെ ട്വന്റി20 എന്നാൽ തങ്ങൾക്ക് വോട്ട് ചെയ്യാത്തവരോട് കാണിക്കുന്ന ക്രൂരതയും അവഗണനയും ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണ്. ജനാധിപത്യപ്രക്രിയയുടെ പോരായ്മയും മേന്മയും ഒരേസമയം ചിലർ എതിർക്കുകയും ചിലർ അനുകൂലിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ഭൂരിപക്ഷത്തിന്റെ പേരിൽ പൊതുപ്രതിനിധിയായി ഉയർന്നു വരുന്നു എന്നതാണ്. ആർക്കാണ് ഒരു വോട്ടിന്റെ എങ്കിലും ഭൂരിപക്ഷം ലഭിക്കുന്നത് അവരാണ് ഭരണവും ജനപ്രാതിനിധ്യവും കൈയ്യാളുക. എതിർത്ത് വോട്ട് ചെയ്തവരുടേയും പ്രതിനിധി വിജയിച്ച വ്യക്തി തന്നെയായിരിക്കും. എങ്കിലും ജനപ്രതിനിധിക്ക് എതിർപ്പ് കാണിക്കാനോ തനിക്കെതിരെ വോട്ട് ചെയ്തവരുടെ അവകാശത്തെ ഹനിക്കാനോ അധികാരമില്ല, പകരം അവരേയും സേവിക്കുക തന്നെയാണ് പ്രതിനിധിയുടെ കടമ. തദ്ദേശ തലം തൊട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളുടേയും പ്രത്യേകത ഇതു തന്നെയാണ്. ഈ ജനാധിപത്യ അവകാശത്തെയാണ് കിഴക്കമ്പലത്തെ കോർപ്പറേറ്റ് ഭരണം വെല്ലുവിളിക്കുന്നത്.

തങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് ജനകീയ ഭക്ഷ്യ കാർഡ് നിഷേധിച്ച് പ്രതികാരം ചെയ്യുന്നതിനോടൊപ്പം സർക്കാരിൽ നിന്നും ലഭിക്കേണ്ട അർഹതപ്പെട്ട അവകാശങ്ങൾ പോലും തട്ടിനീക്കുകയാണ് കിറ്റക്‌സ് കമ്പനിയുടെ ഉടമകൾ ഭരിക്കുന്ന ഈ പഞ്ചായത്ത്. കിഴക്കമ്പലത്തെ അഞ്ചുവർഷത്തെ ട്വന്റി20 ഭരണം കഴിഞ്ഞപ്പോൾ 13 കോടി രൂപ നീക്കിയിരിപ്പാണ് എന്ന് കിറ്റക്‌സ് കമ്പനിയുടെ ചെയർമാനും ട്വന്റി20ക്ക് നേതൃത്വം നൽകുന്ന സാബു എം ജേക്കബ് തന്നെ പറയുമ്പോൾ ഈ പണം വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. മറിച്ച് ഈ പണം ബാക്കിയായി എന്നല്ല.

ഈ വലിയ തുകയെങ്ങനെ പഞ്ചായത്തിൽ നീക്കിയിരുപ്പായെന്ന് വ്യക്തമാകണമെങ്കിൽ ജനങ്ങൾക്ക് അർഹതപ്പെട്ട അകാശങ്ങൾ നിഷേധിച്ചതുകൊണ്ടാണ് എന്നുതന്നെയാണ് ഉത്തരം. കിഴക്കമ്പലം പഞ്ചായത്തിലെ കാളിക്കുട്ടിയും കൊച്ചുമകനായ സ്‌കൂൾ വിദ്യാർത്ഥിയായ അമ്പാടിയും താമസിക്കുന്ന കാറ്റടിച്ചാൽ പാറിപ്പോകുന്ന കൂരയും കടാഞ്ഞിയിൽ രാജന്റെ വീടെന്നുപോലും പറയാനാകാത്ത വിധം ശോചനീയാവസ്ഥയിലുള്ള കൂരയും ട്വന്റി20യുടെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഉദാഹരണങ്ങളാണ്.

കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത്‌ ഒന്നാംവാർഡിലെ എടത്തിക്കാട്‌ കോളനിയിലെ പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ മേഞ്ഞ വീടിനു മുന്നിൽ രാജൻ.

രാജന്റെ ചെളി കുഴച്ച് കെട്ടിപ്പൊക്കിയ രണ്ട് ചുമരുകളുള്ള വീട്ടിൽ സ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് ആൺമക്കളും രോഗിയായ ഭാര്യയും ഇവിടെയാണ് കഴിയുന്നത്. മുൻ പഞ്ചായത്ത് അംഗം കൂടിയായ പരേതനായ കുറുമ്പന്റെ മകൾ വിജിയും എഴാംക്ലാസുകാരനായ മകനും തലചായ്ക്കുന്നത് കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയ കൂരയിലാണ്. പഞ്ചായത്തിലെ മലയിടംതുരുത്ത് ഒന്നാംവാർഡിലെ എടത്തിക്കാട് കോളനിയിലെ വീടുകളാണ് ഇവയെല്ലാം. കിഴക്കമ്പലത്തെ സിംഗപ്പുരാക്കുമെന്ന് പറയുന്ന സാബു എം ജോക്കബ് ഈ വീടുകളുടെ ശോചനീയാവസ്ഥയിലേക്ക് തിരിഞ്ഞുപോലും നോക്കാത്തത് ഇവർ ട്വന്റി20യ്ക്ക് വോട്ട് ചെയ്തില്ലെന്ന കാരണത്താലാണ്.

കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത്‌ ഒന്നാംവാർഡിലെ എടത്തിക്കാട്‌ കോളനി വാസിയായ വിജി

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ വീടുകൾക്ക് അപേക്ഷിച്ചിരുന്നു ഇവരെല്ലാം. അപേക്ഷകളുമായി ഓരോവർഷവും പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി. ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചു. എന്നിട്ടും കോർപ്പറേറ്റ് മുതലാളി ഭരണം നടത്തുന്ന പഞ്ചായത്തിൽ നിന്നും അനുകൂല മറുപടി ഉണ്ടായില്ല. സൗജന്യനിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന്റെ പേരിൽ ട്വന്റി 20യെ വാഴ്ത്തുന്നവർ ഇതുംകൂടി കാണണം.

അടിസ്ഥാന വിഭാഗത്തിന് ഉന്നംനം നൽകുന്ന വാർഡ് സഭയോ അയൽക്കൂട്ടങ്ങളോ വാർഷിക പദ്ധതിപോലുമോ സോഷ്യൽമീഡിയ വാഴ്ത്തുന്ന ഈ പഞ്ചായത്തിൽ നിലവിലില്ല. അതായത്, സാധാരണക്കാരായ ജനങ്ങൾക്ക് ആശ്രയം കിറ്റക്‌സ് കമ്പനി മാത്രം, പിണക്കിയാൽ കഞ്ഞികുടിമുട്ടുമെന്ന അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുകയും ഇതുവഴി ആധുനിക കാലത്തെ അടിമത്ത സമ്പ്രദായവും ഏകാധിപത്യവും കൊണ്ടുവരികയാണ് ഈ കോർപ്പറേറ്റ് ചെയ്യുന്നത്.

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിന് പുറത്ത് ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലും ട്വന്റി20 ഭരണം പിടിച്ചു. വെങ്ങോല പഞ്ചായത്തിലെ 23ൽ പത്തു വർഡുകളിലും ജയിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലാകട്ടെ നാല് സീറ്റ് നേടി. വടവുകോട് ബ്ലോക്കിൽ അഞ്ചു സീറ്റുകളിലും വിജയിച്ചു. വെങ്ങോല, കോലഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനുകളും പിടിച്ചടക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും പ്രഖ്യാപനമുണ്ടായിരിക്കുകയാണ്.

കിഴക്കമ്പലത്ത് വൻഭൂരിപക്ഷത്തിൽ ജയിച്ച പലവാർഡുകളും ഇത്തവണ നേരിയ ഭൂരിപക്ഷത്തിലാണ് ട്വന്റി20യ്ക്ക് നിലനിർത്താനായത്. 2, 13 വാർഡുകളിൽ ഭൂരിപക്ഷം നാലും നാൽപ്പത്തിനാലുമായി കുറഞ്ഞു. മൊത്തം കിട്ടിയ വോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടായില്ലെങ്കിലും ശതമാനക്കണക്കിൽ 2015ൽ ഉണ്ടാക്കിയ അടിത്തറ ഇടിഞ്ഞു. കിറ്റെക്‌സ് ഗാർമെന്റ്‌സ് ഫാക്ടറി സ്ഥിതിചെയ്യുന്ന ആറാംവാർഡിലെ തുടർതോൽവിയും കിറ്റക്‌സിന് വലിയ തിരിച്ചടി തന്നെയാണ്. ഏറെക്കാലമൊന്നും ജനാധിപത്യത്തെ വിലയ്‌ക്കെടുത്ത് കോർപ്പറേറ്റ് ഭരണത്തിന് അടിത്തറയുണ്ടാകില്ലെന്ന് ജനങ്ങളും കാണിച്ചുകൊടുക്കുകയാണ്.

Exit mobile version