ഏഴ് മണിക്ക് മുമ്പ് മന്ത്രി എസി മൊയ്തീൻ വോട്ട് ചെയ്‌തെന്ന് പരാതിപ്പെട്ട് അനിൽ അക്കര; വോട്ടിങ് തുടങ്ങിയത് കൃത്യസമയത്തെന്ന് കളക്ടർ

AC Moideen | Kerala News

തൃശ്ശൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മന്ത്രി എസി മൊയ്തീൻ പോളിങ് ആരംഭിക്കുന്ന സമയത്തിന് മുമ്പ് വോട്ട് ചെയ്‌തെന്ന് ആരോപിച്ച് രംഗത്തെത്തിയ അനിൽ അക്കര എംഎൽഎയ്ക്ക് തിരിച്ചടി. ഏഴ് മണിക്ക് മുമ്പേ വോട്ട് ചെയ്ത് ചട്ടലംഘനം നടത്തിയെന്നാണ് അനിൽ അക്കര ആരോപിച്ചിരുന്നത്.

തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എസി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എസി മൊയ്തീൻ ചട്ടവിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനിൽ അക്കര എംഎൽഎ രംഗത്തെത്തുകയായിരുന്നു. കോൺഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു.

എന്നാൽ, മന്ത്രി വോട്ട് ചെയ്ത സംഭവത്തിൽ പിഴവില്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. മന്ത്രി 6.55ന് വോട്ട് ചെയ്‌തെന്നാണ് വിവാദമുയർന്നത്. എന്നാൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാകളക്ടർ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ ഏഴ് മണി ആയപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി. കളക്ടർ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകി.

Exit mobile version