മുല്ലപ്പള്ളി വഴങ്ങി, വടകരയില്‍ പ്രചാരണങ്ങളില്‍ സജീവമാകാന്‍ മുരളീധരന്‍ തിരിച്ചെത്തി

വടകര: വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി എംപി കെ മുരളീധരന്‍. കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാന്‍ മുരളീധരന്‍ എത്തിയത്.

കൈപ്പത്തി അടയാളത്തില്‍ വോട്ട് തേടുന്ന കെപി ജയകുമാര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. ഇതോടെയാണ് മുരളീധരന്‍ ചോറോട് പഞ്ചായത്തില്‍ മുരളീധരന്‍ പ്രചാരണം ആരംഭിച്ചത്.

ചോറോട് ഗ്രാമപഞ്ചായത്തിലെ ജനകീയമുന്നണിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനാണ് മുരളീധരന്‍ എത്തിയത്. ആര്‍എംപി-യുഡിഎഫ് ധാരണയില്‍ ജനകീയമുന്നണിക്ക് വിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെയാണ് ഇവിടെ പ്രശ്നങ്ങള്‍ക്ക് തുടക്കം.

അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തു. വിഷയത്തില്‍ മുല്ലപ്പള്ളിയും മുരളീധരനും തങ്ങളുടെ നിലപാട് വ്യക്തമാക്കിയതോടെ പ്രശ്നം പരസ്യമാവുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് മുരളീധരന്‍ വടകരയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

വട്ടിയൂര്‍കാവില്‍ സജീവ പ്രചാരണത്തിനിറങ്ങുകയും ചെയ്തു. തുടര്‍ന്നാണ് വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നത്. കല്ലാമല ഡിവിഷന്‍ കാലാകാലങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്നതാണെന്നായിരുന്നു വിഷത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആദ്യ പ്രതികരണം.

എന്നാല്‍ വ്യാഴാഴ്ച്ച അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ ആര്‍എംപിയുമായി ധാരണ പ്രകാരം മുന്നോട്ട് പോകാനാണ് തീരുമാനം. വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Exit mobile version