‘പാലം തന്നാല്‍ വോട്ടു തരാം’; കടുത്ത തീരുമാനവുമായി നാട്ടുകാര്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി 250ഓളം പേര്‍

കണ്ണൂര്‍: പാലം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി കണ്ണൂര്‍ കോഴിച്ചാല്‍ ഐഎച്ച്ഡിപി കോളനി നിവാസികള്‍. വീടിന് സമീപത്തായി റോഡുണ്ടെങ്കിലും കാര്യങ്കോട് പുഴയ്ക്ക് കുറുകെ പാലം നിര്‍മിച്ചാല്‍ മാത്രമെ റോഡ് ഗതാഗത യോഗ്യവമാവുകയുള്ളൂ.

ഉടന്‍ പാലം വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും ആ കാത്തിരിപ്പെല്ലാം വെറുതെയാണെന്ന് മനസ്സിലായതോടെയാണ് കടുത്ത തീരുമാനവുമായി കോളനി നിവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. പാലം നല്‍കിയാല്‍ വോട്ടും നല്‍കാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇത് വ്യക്തമാക്കുന്ന ഒരു ബോര്‍ഡും സ്ഥാപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ എഴുപത്തിയഞ്ചു കുടുംബങ്ങളാണ് പാലമില്ലാത്തതിനാല്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇരുന്നൂറ്റി അമ്പതോളം പേരാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ ആലോചിക്കുന്നത്.

2012 ല്‍ റോഡ് ടാറിങ് നടത്തിയെങ്കിലും വാഹന ഗതാഗതം ഇതുവരെയും യഥാര്‍ഥ്യമായില്ല. കാര്യങ്കോട് പുഴയ്ക്ക് കുറുകെ പാലം നിര്‍മിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് ഓടാന്‍ സാധിക്കുകയുള്ളൂ. പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ നടന്നുപോകാന്‍ പറ്റുന്ന ഇരുമ്പുപാലം മാത്രമാണുള്ളത്. അതാണെങ്കില്‍ കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലുമാണ്.

തുരുമ്പെടുത്തതിനാല്‍ ഏതു നിമിഷവും തകരുമെന്ന ഭീഷണിയിലുമാണ്.വാഹന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയിലേക്ക് രോഗകളെ ചുമന്നാണ് കൊണ്ടുപോകുന്നത്. നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനാലാണ് പാലം ഉടന്‍ നിര്‍മിക്കണമെന്ന നാട്ടുകാര്‍ പറയുന്നത്.

Exit mobile version