ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല; മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന് സവിനയം അറിയിക്കുന്നു: കെടി ജലീൽ

തിരുവനന്തപുരം: മാധ്യമങ്ങളുടെ വേട്ടയാടലിനെ പരിഹസിച്ചും വിമർശിച്ചും മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. ശിവശങ്കറിനു പിന്നാലെ മന്ത്രി കെടി ജലീലും കുടുങ്ങുമെന്ന വ്യാജ മാധ്യമവാർത്ത പങ്കുവെച്ചാണ് മന്ത്രിയുടെ സോഷ്യൽമീഡിയയിലൂടെയുള്ള പ്രതികരണം.

എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ തിരിച്ചു ലഭിച്ചുവെന്നും മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ കെടി ജലീൽ വിശദീകരിക്കുന്നു.

മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുൾപ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വർണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമർഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ ‘അഭ്യുദയകാംക്ഷികളെ’യും സന്തോഷപൂർവ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു. സത്യമേവ ജയതെ.

Exit mobile version