സമ്മാനമില്ലെന്ന് കരുതി ലോട്ടറി ടിക്കറ്റ് നൂറ് കഷ്ണങ്ങളാക്കി കീറിയെറിഞ്ഞു, നോക്കുമ്പോള്‍ 5 ലക്ഷം രൂപ സമ്മാനം.!!, എന്തുചെയ്യണമെന്നറിയാതെ ഓട്ടോഡ്രൈവര്‍

കാസര്‍കോട്: അപ്രതീക്ഷിതമായി തേടിയെത്തിയ ഭാഗ്യത്തെ തട്ടിമാറ്റി 42കാരന്‍. സമ്മാനമില്ലെന്ന് വിചാരിച്ച് കീറിയെറിഞ്ഞ ലോട്ടറിടിക്കറ്റില്‍ അഞ്ചു ലക്ഷം രൂപ സമ്മാനം. കീറിയെറിഞ്ഞ ലോട്ടറിയില്‍ ലക്ഷങ്ങള്‍ സമ്മാനമുണ്ടെന്നറിഞ്ഞതോടെ ഈ തുക കിട്ടാനുള്ള വഴി തേടി നടക്കുകയാണ് 42കാരന്‍.

ചെങ്കള ചൂരിപ്പള്ളത്തെ മന്‍സൂര്‍ അലി(42) എടുത്ത ഡബ്ല്യുഎല്‍ 583055 എന്ന ടിക്കറ്റിനാണ് 5 ലക്ഷം രൂപ സമ്മാനമടിച്ചത്. 19നു നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയാണ് മന്‍സൂര്‍ അലിക്ക് ലഭിച്ചത്.രാവിലെ സ്റ്റാന്‍ഡിലെത്തി ഓട്ടമില്ലാതെ ഇരിക്കുമ്പോഴാണ് ലോട്ടറി ഫലം നോക്കിയത്. പട്ടികയുടെ താഴെയൊന്നും നമ്പര്‍ കണ്ടില്ല.

ഇതോടെ നിരാശനായി കയ്യിലുണ്ടായിരുന്ന മൂന്നു ടിക്കറ്റുകളും കീറിയെറിഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഏജന്റ് വന്നു പറഞ്ഞപ്പോഴാണ് സമ്മാനമുള്ള കാര്യം അറിയുന്നത്. ഇതോടെ ടിക്കറ്റിനായുള്ള അന്വേഷണമായി. ഡ്രൈവര്‍മാരെല്ലാം ചേര്‍ന്ന് കടലാസു കഷ്ണങ്ങള്‍ പെറുക്കിയെടുത്തു യോജിപ്പിച്ചു.

ജില്ലാ ലോട്ടറി ഓഫിസില്‍ ചെന്നപ്പോള്‍ എംഎല്എയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് നിവേദനം കൊടുക്കാന്‍ പറഞ്ഞു. ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയതിനാല്‍ ഇനി അതിലെ നമ്പര്‍ നോക്കി സമ്മാനം നല്കാനാവില്ല.

പക്ഷേ, ടിക്കറ്റ് കൂട്ടിച്ചേര്‍ത്ത ശേഷം അതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പറ്റിയെങ്കില്‍ സമ്മാനം ലഭിക്കും. അല്ലാത്ത പക്ഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ പ്രത്യേക തീരുമാനം വേണ്ടിവരും.

Exit mobile version