ജീൻസും ടോപ്പും അണിഞ്ഞ് കല്ലും സിമന്റും ഇറക്കാൻ ‘ഫ്രീക്ക്’ ലോറി ഡ്രൈവർ; ആറ് മാസമായി എഞ്ചിനീയറിങ് ബിരുദധാരി ശ്രീഷ്മ ടിപ്പർ ലോറിയുടെ ഡ്രൈവർ

കണ്ണൂർ: വാഹനക്കമ്പം മൂത്ത് എഞ്ചിനീയറിങ് കഴിഞ്ഞ ഉടനെ തന്നെ ലോറി ഡ്രൈവറായി ‘ചാർജ്ജെടുത്ത്’ ഈ മിടുക്കി. കുട്ടിക്കാലം തൊട്ടേയുള്ള വാഹനക്കമ്പമാണ് കണ്ണൂർ മയ്യിൽ നിരന്തോട്ടെ എസ്എൻ നിവാസിലെ ശ്രീഷ്മ എന്ന പെൺകുട്ടിയെ വീട്ടിലെ തന്നെ ടിപ്പർ ലോറിയുടെ ഡ്രൈവറാക്കിയത്.

എല്ലാ വാഹനങ്ങളും ഓടിക്കാൻ പഠിക്കണമെന്നതായിരുന്നു അഞ്ചാംക്ലാസ് തൊട്ട് ശ്രീഷ്മയുടെ ആഗ്രഹമെന്ന് അച്ഛൻ ബിസിനസുകാരനായ ചിറ്റൂടൻ പുരുഷോത്തമനും, അമ്മ കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്‌കൂൾ അധ്യാപിക ചെമ്പൻ ശ്രീജയും പറയുന്നു. ബൈക്കും ലോറിയും ജീപ്പും എല്ലാം ശ്രീഷ്മയ്ക്ക് വഴങ്ങും ബസ് ഓടിക്കാനും ഏറെ ഇഷ്ടമാണ് ഈ പെൺകുട്ടിയ്ക്ക്.

കണ്ണൂരിലെ നാട്ടിൻ പുറങ്ങളിലേക്ക് സിമന്റും കല്ലും ജില്ലിയുമൊക്കെയായി ജീൻസും ടോപ്പും അണിഞ്ഞ് നല്ല ഫ്രീക്ക് ലുക്കിൽ തന്നെ മാസായി ശ്രീഷ്മ ലോറിയുമായി എത്തും. ഒരുദിവസംതന്നെ ഏഴുലോഡ് ജില്ലി വരെ ഇറക്കിയിട്ടുണ്ട്. വീട്ടിലുള്ള ലോറിയിൽ കഴിഞ്ഞ ആറുമാസത്തിലധികമായി മകളാണ് ഡ്രൈവറായി പോകുന്നതെന്ന് അച്ഛൻ പുരുഷോത്തമൻ പറയുന്നു.

മാതമംഗലത്തെ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്നാണ് ശ്രീഷ്മ പഠനം പൂർത്തിയാക്കിയത്. സർക്കാർ ജോലിക്കുള്ള പരീക്ഷാ പരിശീലനവും നടത്തുന്നുണ്ട്. എവിടെയെത്തിയാലും മാന്യമായാണ് ഡ്രൈവർമാരും മറ്റുള്ളവരും പെരുമാറുന്നതെന്നാണ് ശ്രീഷ്മയുടെ അനുഭവം. അതേസമയം, മറ്റൊരു ജോലി കിട്ടുംവരെ ഈ തൊഴിൽ തുടരാനാണ് ശ്രീഷ്മയുടെ തീരുമാനം.

എല്ലാ വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസൻസ് നേടിയ ശ്രീഷ്മ മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഇപ്പോൾ നടത്തുന്നത്. മുമ്പ് കയരളം കിളിയളത്ത് ജില്ലിയുമായി പോയ ലോറി മണ്ണിൽ താഴ്ന്നുപോയപ്പോൾ പതറാതെ നാട്ടുകാരുടെ സഹായം തേടി ലോറി കരകയറ്റിയതു വ്യത്യസ്ത അനുഭവമായിരുന്നെന്ന് ശ്രീഷ്മ പറയുന്നു. സഹോദരൻ ഷിജിൽ നിരന്തോട് ടൗണിൽ ബിസിനസ് നടത്തുകയാണ്.

ഫോട്ടോ കടപ്പാട്: മാതൃഭൂമി

Exit mobile version