കെഎസ്ആര്‍ടിസി ബസ്സിനുമുന്നില്‍ ബൈക്കുമായി അഭ്യാസപ്രകടനം, യുവാക്കളെ കൈയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്, നടപടി

കൊല്ലം: കെഎസ്ആര്‍ടിസി ബസിനെ പോകാന്‍ അനുവദിക്കാതെ ബസ്സിനുമുന്നില്‍ ബൈക്കുമായി വട്ടം കറങ്ങിയ യുവാവ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍. കാവനാട് സ്വദേശി കണ്ണനാണ് പിടിയിലായത്. ഇയാളുടെ ലൈസന്‍സ് പിടിച്ചെടുക്കുകയും റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്‌തെന്ന് ആര്‍.ടി.ഒ. മഹേഷ് പറഞ്ഞു.

ബസിന് മുന്‍പില്‍ സുഹൃത്തിനൊപ്പം അപകടകരമായരീതിയിലായിരുന്നു കണ്ണന്‍ സ്‌കൂട്ടറോടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. മലപ്പുറം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റിന് മുന്‍പിലാണ് നീണ്ടകര പാലത്തില്‍ വച്ച് ഇവര്‍ തുടര്‍ച്ചയായി ഹോണടിച്ച് ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്തു കയറിയത്.

ഈ സമയം ബസ് സഡന്‍ ബ്രേക്കിട്ടു. അന്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തുടര്‍ന്ന് കൊല്ലം ബൈപ്പാസ് തുടങ്ങുന്ന ആല്‍ത്തറമൂട് ജങ്ഷനിലെ സിഗ്‌നല്‍ വരെ യുവാക്കള്‍ ബസിനു മുന്‍പില്‍ കടന്നുപോകാനനുവദിക്കാതെ യാത്രചെയ്തു.

സിഗ്‌നലിലെത്തിയതോടെ സ്‌കൂട്ടര്‍ ബസിന് കുറുകേ നിര്‍ത്തി ഇറങ്ങി ഡ്രൈവറെ അസഭ്യം പറഞ്ഞു. നീണ്ടകര പാലത്തില്‍ സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവാക്കളുടെ അക്രമം. സംഭവം യാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ പിന്മാറിയത്.

തുടര്‍ന്ന് സ്‌കൂട്ടറെടുത്ത് കാവനാട് ജങ്ഷനിലെത്തിയ യുവാക്കള്‍ ഇവിടെവച്ചും ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും മോശം വാക്കുകള്‍ പറഞ്ഞു. കൊല്ലം ഡിപ്പോയിലെത്തി സംഭവം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും പരാതി നല്‍കിയിരുന്നില്ല. അതിനിടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉടന്‍ തന്നെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. വ്യാഴാഴ്ച രാവിലെ തന്നെ സ്‌കൂട്ടറോടിച്ച കണ്ണന്റെ ലൈസന്‍സ് പിടിച്ചെടുത്തു. തുടര്‍നടപടികളുണ്ടാകുമെന്നും കൊല്ലം ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

Exit mobile version