ഭൂരഹിതർക്ക് അടച്ചുറപ്പുള്ള ഭവനം നൽകുന്ന പദ്ധതിയെ നൂലാമാലകളിൽ കുടുക്കിയാൽ സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കില്ല: മുഖ്യമന്ത്രി

CM Pinarayi | Kerala News

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരഹിതരായ ജനങ്ങൾക്ക് അടച്ചുറപ്പുള്ള ഭവനം നിർമ്മിച്ചുനൽകാനുള്ള പദ്ധതിയെ നിയമ വ്യവസ്ഥയുടെ നൂലാമാലകളിൽ കുടുക്കുമ്പോൾ സർക്കാരിന് കാഴ്ചക്കാരായി നോക്കിനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ പോയത് എന്തിനാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഷയത്തിൽ കോടതിയിൽ പോയത് തെറ്റല്ല. ഭരണഘടനാപരമായ പരിരക്ഷ നേടാൻ പാടില്ലെന്ന് പറയുന്നതിന് തുല്യമാണ് കോടതിയിൽ പോയതിന് എതിരായ വിമർശം. ലൈഫ് മിഷൻ ഒരു തുകയും വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. 140 ഫഌറ്റുകളുടെയും ഒരു ഹെൽത്ത് സെന്ററിന്റെയും നിർമ്മാണ കരാർ യുഎഇ കോൺസൽ ജനറലും യൂണിടാക്കും തമ്മിലാണ് ഏർപ്പെട്ടിട്ടുള്ളത്. എന്നാൽ വിദേശ സംഭാവന നിയന്ത്രണ നിയമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. എഫ്‌ഐആർ നിയമപരമായി നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് സർക്കാരിന് ഉത്തമ ബോധ്യമുണ്ട്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ മേൽ സിബിഐ ഇടപെടുമ്പോൾ സംസ്ഥാനം എന്തുചെയ്യണമെന്ന ചോദ്യമാണ് ഉയരുന്നത്. രാജസ്ഥാനിലേതുപോലെ സിബിഐയെ വിലക്കിയ മാതൃക കേരളം പിന്തുടരില്ല. അഴിമതി തടയാനാണ് സംസ്ഥാനം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ പ്രഥമദൃഷ്ട്യാ നിലനിൽക്കാത്ത ആരോപണം സിബിഐ ഉന്നയിക്കുമ്പോൾ അതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. എല്ലാവർക്കും അനുവദിച്ചിട്ടുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ഇക്കാര്യത്തിൽ സർക്കാർ ചെയ്തിട്ടുള്ളത്. ബോധപൂർവം നിയമക്കുരുക്ക് ഉണ്ടാക്കാൻ ശ്രമിച്ചവർതന്നെ അതിനെ എതിർക്കുന്നത് സ്വീകരിക്കാനാവില്ല.

ഹൈക്കോടതിയിൽനിന്ന് സർക്കാരിന് തിരിച്ചടിയുണ്ടായെന്ന തരത്തിൽ തിടുക്കപ്പെട്ട് വിലയിരുത്തൽ നടത്താൻ ഇവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നത് ഉചിതമല്ല. വ്യക്തമായ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ലൈഫ് മിഷൻ സിഇഒയ്ക്ക് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

Exit mobile version