പാലക്കാട് നിപ്പ? സംസ്ഥാനത്ത് ഒരിടത്തും പുതിയതായി നിപ്പ കണ്ടെത്തിയിട്ടില്ല; വ്യാജ വാര്‍ത്തകള്‍ പടച്ചുവിടരുതെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പുതുതായി ഒരിടത്തുപോലും നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: മുന്‍കരുതലെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്ത് പുതുതായി ഒരിടത്തുപോലും നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. നിപ്പ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നിപ്പ വൈറസ് ഉണ്ടായ സ്ഥിതിക്കാണ് ആരോഗ്യ വകുപ്പ് മുന്‍ കരുതലുകള്‍ എടുത്തതെന്നും പാലക്കാട് ആശുപത്രിയില്‍ നിപ്പ വൈറസ് കണ്ടെത്തിയെന്നും മറ്റുമുള്ള പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

‘ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളില്‍ നിന്നും പിന്മാറണം. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കുക. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്’. ശൈലജ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

Exit mobile version