ജലനിരപ്പ് താഴ്ന്ന് പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു, പത്തനംതിട്ടയിലെ ആശങ്ക ഒഴിയുന്നു

പത്തനംതിട്ട: ജലനിരപ്പ് കുറഞ്ഞതോടെ പമ്പ ഡാമിന്റെ ഷട്ടര്‍ രാവിലെ അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു. പമ്പയാറ്റിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അതിശക്തമായ മഴയില്‍ ജലനിരപ്പുയര്‍ന്നതോടെ തുറന്ന ഡാമിന്റെ ഷട്ടറുകള്‍ അടച്ചതോടെ പത്തനംതിട്ടയിലെ വെള്ളപ്പൊക്ക ഭീതി കുറയുകയാണ്.

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ ഡാമിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവു വന്നിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. പമ്പ ഡാം തുറക്കുന്നതിന് മുന്പായി റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിച്ചിരുന്നു.

പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും മണ്ണ് ഇടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടും റാന്നി താലൂക്കില്‍ എട്ട് ദുരിതാശ്വാസ ക്യാംപുകളിലായി 99 കുടുംബങ്ങളിലെ 288 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. എന്‍ഡിആര്‍എഫിന്റെ 22 അംഗ ടീം സജ്ജമായി റാന്നിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി കോന്നിയില്‍ നിന്ന് എട്ടു കുട്ടവഞ്ചിയും തുഴച്ചിലുകാരും എത്തിയിട്ടുണ്ട്. കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളും അവരുടെ അഞ്ച് ബോട്ടുകളും വിന്യസിച്ചിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് കാരണമാകുന്നത്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുമുണ്ട്.

Exit mobile version