‘പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എകെ ആന്റണി വരണം’; കെപിസിസിയോട് ആവശ്യപ്പെട്ട് ഡിസിസി

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എകെ ആന്റണി വരണമെന്ന ആവശ്യവുമായി ഡിസിസി. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടതിന് ഒപ്പമാണ് എകെ ആന്റണിയുടെ പേരും ഡിസിസി ഉയർത്തിക്കാണിക്കുന്നത്.

എകെ ആന്റണിയെ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിക്കണം എന്നത് കെപിസിസി നേതൃത്വത്തോട് ഔദ്യോഗികമായി ഡിസിസി ആവശ്യപ്പെട്ടു. ആന്റണിയുടെ മകൻ അനിൽ ആന്റണി എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന പത്തനംതിട്ടയിൽ യുഡിഎഫിനായി പ്രചാരണത്തിന് അദ്ദേഹം എന്ന ചർച്ച തുടക്കം മുതലേ ഉയരുന്നതാണ്.

എകെ ആന്റണിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ആരോഗ്യകാരങ്ങൾ അനുകൂലമായാൽ പ്രചാരണത്തിന് ഇറങ്ങുമെന്നും തനിക്ക് പാർട്ടി തിരുവനന്തപുരത്തിന്റെ ചുമതലയാണ് നൽകിയിട്ടുള്ളതെന്നും ആന്റണി മുൻപ് പ്രതികരിച്ചിരുന്നു. എകെ ആന്റണി മണ്ഡലത്തിൽ പ്രചാരണത്തിനെത്തണമെന്ന താത്പര്യം താഴേത്തട്ടുമുതലുള്ള നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്.

ALSO READ- പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി, പകരം രാമക്ഷേത്രം നിര്‍മ്മിച്ചത് ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

എകെ ആന്റണി പത്തനംതിട്ടയിൽ എത്തണമെന്ന താത്പര്യം കെപിസിസിയെ അറിയിച്ചതായി ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും പ്രതികരിച്ചു. അനിൽ ആന്റണി എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നതുകൊണ്ടല്ല എകെ ആന്റണി വരണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം താരപ്രചാരകനാണെന്നും സതീഷ് വിശദീകരിച്ചു.

Exit mobile version