സവിതയുടെ മനസിലെ ദൈവത്തിന് ഇന്ന് പത്മിനി ടീച്ചറുടെ മുഖമാണ്, കിടപ്പാടമില്ലാത്ത അമ്മയ്ക്കും മക്കള്‍ക്കും വീടൊരുക്കാന്‍ 83ാം വയസ്സില്‍ ചിത്രം വരച്ച് ഒരധ്യാപിക

തിരുവനന്തപുരം; ദുരിതം പേറുന്ന സഹജീവികള്‍ക്ക് എങ്ങനെ കൈത്താങ്ങാകാം എന്നതിന് മാതൃകയാകുകയാണ് വഴുതക്കാട് സ്വദേശിനിയായ പത്മിനി ടീച്ചര്‍. താന്‍ വരച്ച ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രദര്‍ശനം നടത്തി ദുരിതമനുഭവിക്കുന്ന അമ്മയ്ക്കും മക്കള്‍ക്കും കിടപ്പാടമൊരുക്കാനായി പണം സ്വരൂപിക്കുകയാണ് ഈ 83 വയസ്സുള്ള അധ്യാപിക.

സവിത എന്ന യുവതിയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള ഒരു കിടപ്പാടം നിര്‍മിച്ച് നല്‍കുന്നതിനായാണ് 83-ാം വയസിലും പത്മിനി ടീച്ചര്‍ ചിത്രരചന നടത്തുന്നത്. ഓണ്‍ലൈന്‍ ചിത്ര പ്രദര്‍ശനത്തിലൂടെ കിട്ടുന്ന തുക കൊണ്ട് സവിതയ്ക്കും കുടുംബത്തിനും ഒരു വീട് വെച്ച് നല്‍കാനാണ് പഴയ ചരിത്ര അധ്യാപികയായ പത്മിനി ടീച്ചറുടെ തീരുമാനം.

ചാക്കും പ്ലാസ്റ്റിക്കും കൊണ്ട് മറച്ച ഷെഡിലാണ് സവിതയുടേയും കുടുംബത്തിന്റേയും ജീവിതം. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഈ കൂരയില്‍ തമാസിക്കുന്നത് അമ്മയും രണ്ട് മക്കളും. വീട്ട് ജോലിക്ക് പോയി കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് സവിത അജിത്രയേയും അജിനെയും പോറ്റുന്നത്.

സവിതയുടേയും കുടുംബത്തിന്റേയും കഷ്ടപ്പാടുകളറിഞ്ഞാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താഴെ വെച്ച തന്റെ പെയിന്റിങ്ങ് ബ്രഷ് 83 ആം വയസ്സില്‍ പത്മിനി ടീച്ചര്‍ കൈയ്യിലെടുത്തത്. സവിതയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള ഒരു വീടിനായി ഇതുവരെ നാല് ലക്ഷത്തോളം രൂപ ഈ അധ്യാപിക സമാഹരിച്ചു. രണ്ട് മക്കളെയും ചേര്‍ത്ത് പിടിച്ച് കണ്ണീരോടെ നേരം വെളുപ്പിക്കാറുള്ള സവിതയുടെ മനസിലെ ദൈവത്തിന് ഇന്ന് പത്മിനി ടീച്ചറുടെ മുഖമാണ്.

Exit mobile version