സെക്രട്ടേറിയേറ്റിന് മുന്നില്‍ കിടന്ന് മരിച്ചാലും നിരാഹാര സമരത്തില്‍ നിന്നും ഒരിഞ്ച് പിന്നോട്ടില്ല; ഇവിടെ കിടക്കുന്നത് അയ്യപ്പന്റെ ശക്തികൊണ്ടെന്നും എഎന്‍ രാധാകൃഷ്ണന്‍

ഇവിടെ കിടന്ന് മരിച്ചാലും നിരാഹാര സമരത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം കിടക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ പിന്നോട്ടില്ലെന്ന് പ്രതികരിച്ചു. ഇവിടെ കിടന്ന് മരിച്ചാലും നിരാഹാര സമരത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള പിണറായി വിജയന്റെ നീക്കത്തെ ഒരു തരത്തിലും അനുവദിക്കില്ല. ചെന്നിത്തലയും പിണറായിയും ഒത്തുകളിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ ഇവിടെ കിടക്കുന്നത് അയ്യപ്പന്റെ ശക്തികൊണ്ടാണ്. മരിച്ചാലും പിന്നോട്ടില്ല.

അയ്യപ്പനെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല. ശബരിമലയില്‍ അവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. സര്‍ക്കാര്‍ അയ്യപ്പഭക്തന്‍മാര്‍ക്ക് എതിരാണ്. ജനങ്ങള്‍ക്ക് എതിരായ സര്‍ക്കാരാണ്. ഞങ്ങളുടെ കൂടെ അയ്യപ്പഭക്തന്‍മാരുണ്ട്. അയ്യപ്പന്‍ ഞങ്ങളുടെ കൂടെയാണ്. അയ്യപ്പനെ തകര്‍ക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസും സിപിഎമ്മും രഹസ്യധാരണയിലാണ്. അതിശക്തമായി ഞങ്ങള്‍ മുന്നോട്ടുപോകും. സെക്രട്ടറിയേറ്റിന് മുന്നില്‍ കിടന്ന് മരിക്കേണ്ടി വന്നാലും പിന്നോട്ടില്ല.

എന്റെ പ്രിയപ്പെട്ട സഹോദരനെ ജയിലിലിട്ട് പീഡിപ്പിക്കുകയല്ലേ. ഒരു റൂമില്‍ 50 ആളുകളാണ് ഉള്ളത്. കീറപ്പായ കൊടുത്തിരിക്കുയാണ്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയല്ലേ. ഇരുമുടിക്കെട്ടുമായാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോയത്. ഇതൊന്നും വെച്ചുപൊറുപ്പിക്കില്ല. ഇത് ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള സഹനസമരമാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇന്നലെയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ എഎന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം തുടങ്ങിയത്.

Exit mobile version