മലപ്പുറത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍

മലപ്പുറം; മലപ്പുറത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന്‍ ആഷിഖിനെ (26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദേശത്ത് നിന്നും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടിന്റെ മുകളിലെ നിലയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിക്കാനുള്ള ഭക്ഷണം സ്റ്റെയര്‍കെയ്‌സില്‍ വെക്കാറാണ് പതിവ്. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോള്‍ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് കണ്ടത്. സംശയം തോന്നിയ വീട്ടുകാര്‍ കയറി നോക്കിയപ്പോള്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതശരീരം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയതിനു ശേഷം സംസ്‌കാരത്തിനുള്ള നടപടികള്‍ സ്വീകരിക്കും.

Exit mobile version