മുന്നറിയിപ്പില്ലാതെ കാസര്‍കോട് ജില്ല അതിര്‍ത്തി അടച്ചു, വലഞ്ഞ് യാത്രക്കാര്‍

പയ്യന്നൂര്‍: കാസര്‍കോട് ജില്ല അതിര്‍ത്തി മുന്നറിയിപ്പില്ലാതെ അടച്ചു. ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അതിര്‍ത്തി അടച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാന്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി പോലീസ് സ്റ്റേഷനുകളിലേക്ക് നിര്‍ദേശം നല്‍കിയത്.

കാസര്‍കോട് ജില്ലയില്‍നിന്ന് കണ്ണൂരിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തികളാണ് പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അടച്ചത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. ദേശീയപാതയില്‍ കാലിക്കടവിലൂടെ മാത്രമാണ് രാവിലെ ഗതാഗതം അനുവദിച്ചത്.

ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാന്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി വെള്ളിയാഴ്ച രാവിലെയാണ് പോലീസ് സ്റ്റേഷനുകളിലേക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ റവന്യൂ അധികൃതരെ ഇക്കാര്യം അറിയിച്ചില്ല. കരിവെള്ളൂരില്‍ ജില്ലാ അതിര്‍ത്തി പങ്കിടുന്ന ദേശീയപാത ഒഴികെയുള്ള ചെറു റോഡുകളെല്ലാം അടച്ചു.

കാര-താലിച്ചാലം പാലം, തട്ടാര്‍ക്കടവ് പാലം എന്നിവയും പൂര്‍ണമായും അടച്ചു. അതേസമയം, ഒളവറ പാലം രാവിലെ അടച്ചെങ്കിലും പിന്നീട് തഹസില്‍ദാരുടെ ആവശ്യപ്രകാരം അത്യാവശ്യ വാഹനങ്ങളെയും ആളുകളെയും കടത്തിവിട്ടു. ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരെ ഒളവറയില്‍ തടഞ്ഞതായി പരാതി ഉയര്‍ന്നു.

പാലം അടച്ചതോടെ രണ്ടുവശത്തുമായി വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. മുന്നറിയിപ്പില്ലാതെ അതിര്‍ത്തികള്‍ അടച്ചതിനെത്തുടര്‍ന്ന് യാത്രക്കാരും അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും തമ്മില്‍ പലതവണ വാക്കേറ്റമുണ്ടായി.

Exit mobile version