കൊല്ലത്ത് രണ്ടുപേർക്ക് കൊവിഡ് പകർന്നത് എടിഎമ്മിൽ നിന്നും; സാനിറ്റൈസറുകൾ കൃത്യമായി ഉപയോഗിക്കാത്തത് വില്ലനായി

തിരുവനന്തപുരം: കൊല്ലത്ത് രണ്ടുപേർക്ക് കൊവിഡ് രോഗം ബാധിച്ചത് എടിഎമ്മിൽനിന്നെന്ന് ആരോഗ്യ വകുപ്പിന്റെ നിഗമനം. തുടക്കത്തിൽ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഈ വിലയിരുത്തൽ.

കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ മേഖലയിലാണ് എടിഎം കൗണ്ടർ കൊവിഡ് വാഹകനായത്. ഇവിടെ നിന്നും ഒരു ആശാപ്രവർത്തകയ്ക്ക് വൈറസ് ബാധയേറ്റു. തൊട്ടടുത്ത ചാത്തന്നൂർ ക്ലസ്റ്ററിൽപ്പെട്ട ഒരു രോഗി സന്ദർശിച്ച എടിഎമ്മിൽ ഇവരുമെത്തിയിരുന്നു. ഇതേ എടിഎം സന്ദർശിച്ച മറ്റൊരാൾക്കും രോഗം കണ്ടെത്തി. ഇയാളിൽനിന്ന് ഭാര്യയ്ക്കും അഞ്ചുദിവസം മാത്രം പ്രായമായ കുഞ്ഞിനും രോഗം പിടിപ്പെട്ടു. ഇയാളുടെ കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.

ജൂൺ 30 വരെ തുടക്കത്തിൽ ഉറവിടം കണ്ടെത്താനാകാതിരുന്ന 166ൽ 125 പേരുടെ രോഗപ്പകർച്ച സാധ്യതയാണ് കണ്ടെത്തിയിട്ടുള്ളത്. ബാക്കി 41 പേരെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

വൈറസ് ബാധിതർ സ്പർശിക്കാനിടയുള്ള എടിഎം, ബയോമെട്രിക് പഞ്ചിങ് മെഷീൻ, ലിഫ്റ്റ് ബട്ടൺ, ഹാൻഡ് റെയിൽ തുടങ്ങിയവയുടെ ലോഹപ്രതലത്തിൽനിന്ന് വൈറസ് പകരാൻ സാധ്യതയുണ്ടെന്ന് പഠനങ്ങളുണ്ട്. ഇത്തരം പ്രതലങ്ങളിൽ മണിക്കൂറുകളോളം വൈറസ് തങ്ങിനിൽക്കുമെന്നാണ് പഠനങ്ങൾ. ഒട്ടുമിക്ക എടിഎമ്മുകളിലും ബാങ്ക് അധികൃതർ സാനിറ്റൈസർ വെച്ചിട്ടുണ്ടെങ്കിലും അവ കൃത്യമായി ഉപയോഗിക്കാത്തതാണ് ആളുകളെ രോഗികളാക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ഉറവിടമറിയാത്ത അഞ്ചുപേരുടെയും കാസർകോട് നാലുപേരുടെയും കണ്ണൂരിൽ രണ്ടുപേരുടെയും ആദ്യപരിശോധനാഫലം തെറ്റായതാണ് (ഫാൾസ് പോസിറ്റിവ്) രോഗം സ്ഥിരീകരിക്കാൻ കാരണമായതെന്നും നിഗമനമുണ്ട്. പത്തനംതിട്ടയിൽ ഒരു ആശാപ്രവർത്തകയ്ക്ക് തുടർപരിശോധനാഫലം നെഗറ്റീവ് ആയതും ആദ്യ പരിശോധന തെറ്റായിരുന്നതിന്റെ സൂചന നൽകുന്നു.

Exit mobile version